കൊച്ചി: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ആഘോഷങ്ങളും ചടങ്ങുകളുമെല്ലാം വേണ്ടെന്ന് വെച്ച് ഒത്തൊരുമയോടെ മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം ഓശാന ഞായര്‍ ആചരണം ആരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഏകനായാണ് മാര്‍പ്പാപ്പ കുര്‍ബാന അര്‍പ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓശാന ദിന ചടങ്ങുകളുടെ അസാധാരണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
<p>ഇത്തരത്തിലൊരു ചിത്രം കേരളത്തില്‍ നിന്നുള്ളതായിരുന്നു. ലോക്ക് ഡൗണ്‍ മൂലം വിശ്വാസികള്‍ക്ക് പള്ളിയിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതീകാത്മകമായി വൈദികന്‍ ശുശ്രൂഷകള്‍ അര്‍പ്പിക്കുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഇല്ലെന്നും ഫോട്ടോഷോപ്പാണ് എന്നുമുള്ള വാദങ്ങളും ഉയര്‍ന്നിരുന്നു.</p>
<p>കൊച്ചി രൂപതയില്‍പെട്ട മട്ടാഞ്ചേരിയിലെ ജീവമാതാ പള്ളിയാണ് മുഴുവന്‍ ഇടവകാ കുടുംബത്തിനും ദേവാലയ അങ്കണത്തില്‍ പ്രതീകാത്മകമായി ഇരിപ്പിടങ്ങള്‍ തയ്യാറാക്കി പ്രാര്‍ത്ഥനകള്‍ നടത്തിയത്. കസേരകളില്‍ അവരുടെ പേരുകള്‍ എഴുതി കുരുത്തോലകള്‍ ഒരുക്കുകയായിരുന്നു. ഓശാന ചടങ്ങുകള്‍ വ്യത്യസ്തമായി ആചരിക്കുന്ന വിവരം വിശ്വാസികളെ ഫേസ്ബുക്കിലൂടെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരിന്നു.</p>
<p>വിശുദ്ധ കര്‍മ്മങ്ങളുടെ ചിത്രങ്ങള്‍ ജീവമാതാ പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല, ചടങ്ങുകള്‍ തത്സമയം യൂട്യൂബിലൂടെ വിശ്വാസികളുടെ വീടുകളില്‍ എത്തിക്കുകയും ചെയ്തു. ഇവ രണ്ടും പരിശോധിച്ചാണ് ചിത്രത്തിന്റെ വസ്തുത ഉറപ്പിച്ചത്.</p>
<p>ഇടവകാ വികാരി ഫാ. ഡൊമിനിക് അലുവാപ്പറമ്പില്‍, അസി. വികാരി ഫാ പ്രസാദ് കണ്ടത്തിപ്പറമ്പില്‍, സാമൂഹ്യമാധ്യമങ്ങളുടെ ചുമതലയുള്ള ലിനു തോമസ് എന്നിവരും പ്രചരിക്കുന്ന ചിത്രം ജീവമാതാ പള്ളിയിലേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.</p>