ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ആതിഥേയരായ ജര്‍മനി. ഇതോടെ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും കാരണം കളി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കയ് ഹാവെര്‍ട്ട്‌സ്, ജമാല്‍ മുസിയാള എന്നിവരാണ് ജര്‍മനിക്കായി സ്‌കോര്‍ ചെയ്തത്.
രണ്ടാംപകുതിയിലായിരുന്നു ഇരുഗോളുകളും. 52-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാവെര്‍ട്‌സ് ഗോളാക്കി മാറ്റുകയായിരുന്നു. പെനാല്‍റ്റി ഏരിയയില്‍വെച്ച് ഡെന്‍മാര്‍ക്കിന്റെ ജോഷിം ആന്‍ഡേഴ്‌സന്റെ പന്തില്‍ കൈ തട്ടിയത് വാര്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെയാണ് ജര്‍മനിക്കനുകൂലമായ പെനാല്‍റ്റി ലഭിച്ചത്.
67-ാം മിനിറ്റില്‍ ജമാല്‍ മുസിയാളയുടെ ഗോളെത്തി. ബോക്‌സിന്റെ ഇടതുവശത്തുനിന്ന് മുസിയാള തൊടുത്തുവിട്ട ഷോട്ട് വലയുടെ വലതുവശത്ത് ചെന്നു പതിച്ചു. ഷ്‌ളോട്ടര്‍ബെക്കിന്റെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍ (2-0).
യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി പുറത്തിരുത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് ജയം. ആദ്യ പകുതിയില്‍ റെമോ ഫ്രൂലറും രണ്ടാം പകുതിയില്‍ റുബന്‍ വര്‍ഗാസും സ്വിറ്റ്‌സര്‍ലന്‍ഡിനായി വല ചലിപ്പിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആധിപത്യമാണ് കണ്ടത്. 37-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. വാര്‍ഗാസ് നല്‍കിയ അസിസ്റ്റില്‍നിന്ന് റെമോ ഫ്രൂലര്‍ ഗോള്‍ നേടുകയായിരുന്നു(1-0). ഈ നിലയില്‍ ആദ്യ പകുതി അവസാനിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ത്തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമത്തെ ഗോളും നേടി. 46-ാം മിനിറ്റില്‍ വാര്‍ഗാസ് ബോക്‌സിനകത്തുനിന്ന് പന്ത് ഉയര്‍ത്തി വലയുടെ വലതുമൂലയിലേക്ക് അടിച്ചകറ്റുകയായിരുന്നു (2-1). ഇതേ നിലയില്‍ കളി അവസാനിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.