സരിത്തിനെ താമസസ്ഥലത്തുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി; വെളിപ്പെടുത്തലുമായി സ്വപ്ന
പാലക്കാട്: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസ സ്ഥലത്തു നിന്ന് തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നാണ് നാലംഗ സംഘം പിടിച്ചുകൊണ്ടുപോയത്.
പൊലീസെന്ന് പറഞ്ഞാണ് സംഘം എത്തിയത്. എന്നാല്‍, പൊലീസ് യൂണിഫോമിലല്ലായിരുന്നു. തിരിച്ചറിയൽ കാർഡും കാണിച്ചില്ലെന്നും സ്വപ്ന പറഞ്ഞു. ഒരു സ്ത്രീ സത്യം പറഞ്ഞാൽ ഇവിടെ എന്തും സംഭവിക്കാമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു. ഇന്നു രാവിലെ താന്‍ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞതിനു പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്നു സ്വപ്‌ന പറഞ്ഞു.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്‌ന രാവിലെ പറഞ്ഞിരുന്നു. ജോലി ചെയ്യുന്ന പാലക്കാട് എച്ച്ആര്‍ഡിഎസില്‍ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയതായിരുന്നു സ്വപ്ന.
സ്വപ്ന സുരേഷിന്‍റെ വാക്കുകളിങ്ങനെ:
”ആരാണ് അധികാരത്തിലുള്ളത്, ആരാണ് മുഖ്യമന്ത്രി എന്നതൊന്നും എന്‍റെ വിഷയമല്ല. എനിക്കിതിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ അത് അംഗീകരിക്കേണ്ട കാര്യമില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ അജണ്ട ഇതിലില്ല. അടിസ്ഥാനപരമായി എനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.
എനിക്കൊരുപാട് ഭീഷണി ഇപ്പോഴും നിലവിലുണ്ട്. എനിക്ക് ജോലി തന്ന സ്ഥാപനമായ എച്ച്ആർഡിഎസ്സിനും ഭീഷണികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. അതുകൊണ്ട് ഞാൻ കരുതുന്നത് ഞാൻ എന്താണ് സംഭവിച്ചത് എന്ന് പറയണം എന്ന് തന്നെയാണ്. അന്വേഷണഏജൻസികൾ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതിന് പിന്നിൽ അജണ്ടയുണ്ടോ എന്ന് ചോദിച്ചാൽ, നോ! എന്നെ ഒന്ന് ജീവിക്കാൻ അനുവദിക്ക്, ഇത് ഒരു അമ്മയെന്ന നിലയിൽ സ്ത്രീയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയിൽ നടക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്”,
സ്വപ്ന പറയുന്നു. പി സി ജോർജ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ”തനിക്ക് പി സി ജോർജിനെ വ്യക്തിപരമായി അറിയില്ല” എന്നായിരുന്നു സ്വപ്നയുടെ മറുപടി. ”മിസിസ് സരിതയെ എനിക്കറിയില്ല. ഞങ്ങൾ ഒരേ ജയിലിൽ ഒരേ സമയത്തുണ്ടായിരുന്നു. അതേ അട്ടക്കുളങ്ങര ജയിലിൽ അവരും ആ സമയത്ത് ശിക്ഷ അനുഭവിക്കുകയായിരുന്നു. ഞാനാ വ്യക്തിയോട് ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. പി സി ജോർജ് എന്ന് പറയുന്ന വ്യക്തി എന്നെ വിളിച്ചു എന്നാണല്ലോ പറയുന്നത്. സത്യസന്ധമായി സംസാരിക്കുകയാണെങ്കിൽ പി സി ജോർജ് എന്തിന് അത് റെക്കോഡ് ചെയ്ത് പുറത്തുവിടണം? അതിന് പിന്നിലല്ലേ അജണ്ടയുള്ളത്? സരിത അടക്കം തന്‍റെ പ്രസ്താവന രാഷ്ട്രീയമായി ഉപയോഗിക്കരുത്.
എനിക്ക് ജീവിക്കണം. എനിക്കെന്‍റെ മക്കളെ വളർത്തണം. പി സി ജോർജോ മറ്റാരോ സംസാരിച്ചത് എനിക്ക് ശ്രദ്ധിക്കണ്ട കാര്യമില്ല”പി സി ജോർജ് എന്തൊക്കെയോ സ്വപ്ന എഴുതിക്കൊടുത്തിട്ടുണ്ടെന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് ”അങ്ങനെയെങ്കിൽ ആ രേഖ പി സി ജോർജ് പുറത്തുവിടട്ടെ” എന്നായിരുന്നു സ്വപ്നയുടെ മറുപടി. ”ഇപ്പോൾ ഞാനൊരു 164 മൊഴി കൊടുത്തു. അതിനെക്കുറിച്ച് മാത്രമേ ഞാൻ പറയുന്നുള്ളൂ.
ഇത്രയും നാളും പറയാത്തത് ഇപ്പോൾ വന്ന് പറയുന്നതല്ല. പറയേണ്ട സമയം വന്നപ്പോൾ പറയുന്നതാണ്. ഇത്രയും നാൾ കേസിൽ ഉൾപ്പെട്ടിട്ടുള്ള, ഞാനത് ആവർത്തിക്കുന്നു, കേസിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളേ ഞാൻ പറയുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ബാഗേജായതുകൊണ്ട് മാത്രമാണ് കറൻസി ആണെന്ന് കണ്ടെത്തിയിട്ടും ഞങ്ങൾക്ക് അയക്കേണ്ടി വന്നത്”, ഇന്നലത്തെ ആരോപണങ്ങൾ സ്വപ്ന സുരേഷ് ആവർത്തിക്കുന്നു.