കൊച്ചി: സ്വപ്ന സുരേഷിന്‍റെ വക്കീലായത് കൊണ്ടാണ് തനിക്കെതിരെ കേസെടുത്തതെന്ന് അഡ്വ. കൃഷ്ണരാജ്. താൻ ഒരു മതനിന്ദയും നടത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ലെന്നും കൃഷ്ണരാജ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞതെല്ലാം ശരിയാകുകയാണ്. സ്വപ്നയുടെ വക്കീലിനെ പൂട്ടുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ പൊലീസ് ഇപ്പോൾ കേസെടുത്തു. 164 മൊഴിക്ക് ഇനി രഹസ്യ സ്വഭാവമില്ലെന്നും അഫിഡവിറ്റായി കോടതിയിൽ കൊടുത്തിട്ടുണ്ടെന്നും അഡ്വ. കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് സംഘപരിവാർ സംഘടനകളുമായി യാതൊരു ബന്ധമൊന്നുമില്ല. ഇത്തരം ആരോപണങ്ങൾക്ക് മറുപടിയില്ല. സംഘപരിവാർ ബന്ധമുണ്ടെങ്കിൽ തന്നെ എന്താണ് തെറ്റ്. പിണറായി മോഷണം നടത്തിയാൽ പറയാൻ പാടില്ലേ എന്നും കൃഷ്ണരാജ് ചോദിച്ചു.
സ്വപ്ന നാളെ കൊച്ചിയിലെത്തി വക്കാലത്ത് ഒപ്പിടും. ഹൈക്കോടതിയിൽ ചെല്ലാതിരിക്കാനാണ് തനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്ത് വന്നാലും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും മുൻകൂർ ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. കൃഷ്ണരാജ് അറിയിച്ചു.
മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട സംഭവത്തിലാണ് കേസെടുത്തത്.
മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി ലഭിച്ച പരാതിയിലാണ് കേസ്.