KeralaNews

സ്വാമി അഗ്നിവേശിന് അന്ത്യാഞ്‌ജലി

ന്യൂഡൽഹി: ആര്യ സമാജം നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു.80 വയസ്സായിരുന്നു. ലിവര്‍ സിറോസിസിനെത്തുടർന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് (ഐഎല്‍ബിഎസ്) ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കവേ ഒന്നിലധികം അവയവങ്ങളുടെ തകരാറിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു.

ചൊവ്വാഴ്ചയോടെയാണ് അന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായത്. രോഗബാധ ഗുരുതരമായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ചയോടെ ആരോഗ്യനില ഗുരുതരമാവുകയും വൈകിട്ട് ആറ് മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വൈകിട്ട് 6.30ഓടെ അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നെന്നും ഡോക്ടർമാർ അറിയിച്ചു.

സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

“സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ടവരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക അവശതകൾ നീക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും ത്യാഗപൂർണമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായ നിരന്തര പോരാട്ടത്തിൽ വ്യാപൃതനാവുകയായിരുന്നു അഗ്നിവേശ്,” മുഖ്യമന്ത്രി അനുസ്മരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker