സ്‌ക്രീനിലെ ധോണി,സുശാന്തിന്റെ മരണത്തില്‍ വിതുമ്പി ക്രിക്കറ്റ് ലോകവും
മുംബൈ: അപ്രതീക്ഷിതമായിരുന്നു സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. ബോളിവുഡ് സിനിമാലോകത്തു മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തും സുശാന്തിന്റെ മരണം വലിയ ഞെട്ടലാണ് ഏല്‍പ്പിച്ചിരിയ്ക്കുന്നത്.
‘സുശാന്ത് സിങ് രജ്പുത്തിന് സംഭവിച്ചതറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞാന്‍. മഹിയുടെ (മഹേന്ദ്രസിങ് ധോണി) ബയോപിക്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സമയം ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച വ്യക്തിയാണ്. സുമുഖനും സുസ്‌മേരവദനനുമായ ഒരു നടനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. ഓം ശാന്തി’ –
Shocked and sad to hear about the loss of Sushant Singh Rajput.
Such a young and talented actor. My condolences to his family and friends. May his soul RIP. ? pic.twitter.com/B5zzfE71u9— Sachin Tendulkar (@sachin_rt) June 14, 2020
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാര്‍ത്ത ക്രിക്കറ്റ് ലോകത്തുണ്ടാക്കിയ ഞെട്ടല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ഈ വാക്കുകളിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം അഭ്രപാളിയില്‍ പുനര്‍സൃഷ്ടിച്ചപ്പോള്‍ ധോണിയായി അഭിനയിച്ച, അല്ല ജീവിച്ച നടനാണ് സുശാന്ത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യന്‍ സിനിമാ ലോകത്തിനൊപ്പം ക്രിക്കറ്റ് ലോകത്തും അടയാളപ്പെടുത്തിയത്.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍, കിരണ്‍ മോറെ, ആകാശ് ചോപ്ര, രവി ശാസ്ത്രി, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷ ഭോഗ്‌ലെ, അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിങ് അനില്‍ കുംബ്ലെ, ശുഐബ് മാലിക്ക്, മുഹമ്മദ് കൈഫ്, ആര്‍.പി. സിങ്, വാഷിങ്ടണ്‍ സുന്ദര്‍, കമ്രാന്‍ അക്മല്‍ തുടങ്ങിയവരെല്ലാം ധോണിയുടെ സിനിമയിലെ പ്രതിരൂപമായ സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ അറിയിച്ചും നിത്യശാന്തി നേര്‍ന്നും രംഗത്തെത്തി.
മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ മുതല്‍ ചര്‍ച്ച അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റര്‍ ഷോട്ടുകളെക്കുറിച്ചായിരുന്നു. ഓഫിലോ മിഡില്‍ സ്റ്റംപിലോ വരുന്ന പന്ത് ചെറിയ ബാക് ലിഫ്റ്റെടുത്ത് മിഡ് ഓണ്‍ ഭാഗത്തേക്ക് കോരിയെറിഞ്ഞ് ഹെലിക്കോപ്റ്റര്‍ പോലെ ബാറ്റിന്റെ ചലനം നിയന്ത്രിക്കുന്ന ഷോട്ട് ധോണിയുടെ ട്രേഡ് മാര്‍ക്കാണ്. ഫോമിന്റെ പാരമ്യത്തില്‍ ഹെലിക്കോപ്റ്ററിലേറി സിക്സറുകള്‍ മാത്രം വരുന്നു. ധോണിയുടെ ഹെലിക്കോപ്റ്റര്‍ മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയില്ലെന്നു കരുതിയവരെയെല്ലാം ഒരുപോലെ ഞെട്ടിച്ചാണ് എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറിയുടെ ട്രെയ്ലര്‍ പുറത്തുവന്നത്. ധോണിയെങ്ങനെ ഹെലിക്കോപ്റ്റര്‍ ഷോട്ട് അടിച്ചുവോ അതേപടി പകര്‍ത്തുകയായിരുന്നു സുശാന്ത്.
ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ നായകന്റെ വേഷം ചെയ്യാന്‍ സുശാന്ത് എടുത്ത കഠിനാധ്വാനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇത്. ധോണി ക്രീസിലേക്ക് ഇറങ്ങുന്ന പിന്നില്‍ നിന്നുള്ളൊരു ഷോട്ടുണ്ട് ട്രെയ്ലറില്‍. തനി ധോണി തന്നെ. ട്രെയ്ലര്‍ കണ്ട ധോണി തന്നെ ഞെട്ടിപ്പോയി. തന്നെ മുഴുവനായി പകര്‍ത്തിക്കളഞ്ഞെന്നാണ് ഇന്ത്യന്‍ ഏകദിന നായകന്‍ പ്രശംസിച്ചത്. സിനിമ റിലീസ് ആയതോടെ കൂടുതല്‍ വ്യക്തത വന്നു. ഷോട്ട് മാത്രമല്ല, ധോണിയുടെ നില്‍പ്പും നടപ്പും മാനറിസങ്ങളുമെല്ലാം കൃത്യം.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് 11 മാസം മുന്‍പേ തുടങ്ങിയതാണ് ധോണിയാകാനുള്ള സുശാന്തിന്റെ തയാറെടുപ്പുകള്‍. ‘ഞാന്‍ ധോണിയായി അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ധോണിയാകുകയായിരുന്നു’- സുശാന്ത് പറയുന്നു. ‘ധോണിയെന്ന കഥാപാത്രം ബുദ്ധിമുട്ടായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ മാനറിസങ്ങളിലേക്കെത്താന്‍ കുറെ ശ്രമിക്കേണ്ടി വന്നു. പരിശീലനം തുടങ്ങിയ ആദ്യ ദിനത്തിലെ അവസാനത്തോടെ ഹെലിക്കോപ്റ്റര്‍ ഷോട്ട് ഏകദേശം ശരിയായി. പക്ഷേ ഉടന്‍ വിവരമറിഞ്ഞു. കൈയ്ക്കു വേദന പറ്റി രണ്ടാഴ്ച പിന്നെ വിശ്രമമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മനോഹരമായി ഹെലിക്കോപ്റ്റര്‍ ഷോട്ട് കളിക്കും’ – അന്ന് സുശാന്ത് പറഞ്ഞു.