പട്‌ന: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തില്‍ പിതാവിന്റെ ആരോഗ്യ നില വഷളായി. മുംബൈയിലെ വസതിയിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ പിതാവ് കൃഷ്ണ കുമാര്‍ സിംഗ് ബീഹാറിലെ പട്‌നയിലാണ് താമസം. അദ്ദേഹത്തിന്റെ ആരോഗ്യ നില മകന്റെ മരണവാര്‍ത്തയെ തുടര്‍ന്ന് മോശമായിരിക്കുകയാണ്. പട്‌നയിലെ രാജീവ് നഗര്‍ കോളനിയിലാണ് അദ്ദേഹമുള്ളത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് കൃഷ്ണ കുമാര്‍.
സുശാന്തിന്‍രെ മരണവാര്‍ത്ത ഫോണ്‍ വഴിയാണ് പട്‌നയിലെ വീട്ടിലെത്തിയത്. പിതാവിനെ പരിചരിക്കുന്ന ലക്ഷ്മി ദേവിയാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്.സുശാന്ത് ദിവസങ്ങള്‍ക്ക് മുമ്പ് പിതാവിനെ ഫോണില്‍ വിളിച്ചിരുന്നതായി ലക്ഷ്മി ദേവി പറഞ്ഞു. പിതാവിനെയും കൊണ്ട് നടക്കാന്‍ പോകാമെന്നും, ഏതെങ്കിലും മലമുകളിലേക്കാവാം ആ നടത്തമെന്നും സുശാന്ത് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല, പകരം വന്നത് സുശാന്തിന്റെ മരണവാര്‍ത്തയാണെന്ന് വേദനയോടെ ലക്ഷ്മി ദേവി പറയുന്നു.
അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൃത്യമായ മരണകാരണം പറയാന്‍ സാധിക്കൂ എന്ന നിലപാടിലാണ് പോലീസ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സുശാന്ത് സിങ് രാജ്പുതിന്റെ മൃതദേഹം ഡോ.ആര്‍എന്‍ കൂപ്പര്‍ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കും.
സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. യഥാര്‍ഥ മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമെ പറയാന്‍ സാധിക്കൂ എന്ന് ഡിസിപി അഭിഷേക് ത്രിമുഖെ അറിയിച്ചു.മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പട്‌നയിലെ വീട്ടിനു മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടി. ഞായറാഴ്ച ഉച്ചക്കഴിഞ്ഞാണ് സുശാന്തിനെ ബാന്ദ്രയില്‍ ഉള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.