കണ്ണടയെടുക്കാം, പക്ഷെ മാസ്‌ക് ഊരില്ല; എന്‍.ഡി.എ – ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിച്ച് സുരേഷ് ഗോപി
ആലപ്പുഴ: നാടെങ്ങുമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. ആലപ്പുഴ ജില്ലയിലെ എന്‍ഡിഎ – ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് ചോദിക്കാന്‍ എത്തിയ സുരേഷ് ഗോപി എംപിയുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജില്ലയിലെ പല പ്രചരണ പരിപാടികളിലും പങ്കെടുത്തുവരികയാണ് താരം.
പ്രിയതാരത്തെ കണ്‍മുന്നില്‍ നേരിട്ടു കാണുന്നതിന്റെ അമ്പരപ്പിലാണ് തദ്ദേശീയരായ നാട്ടുകാര്‍. താരത്തോട് വിശേഷങ്ങള്‍ പങ്കിടാനും സംസാരിക്കാനുമൊക്കെ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. കണ്ണടയെടുക്ക് സാറേ, നന്നായൊന്നു കാണട്ടെ എന്നായിരുന്നു ചിലരുടെ ആവശ്യം. കണ്ണട ഊരിമാറ്റിയെങ്കിലും കൊവിഡ് കാലത്ത് മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ താരം മാസ്‌ക് ഊരിമാറ്റാന്‍ തയ്യാറായില്ല. തൃപ്പെരുന്തുറ പഞ്ചായത്തില്‍ മത്സരിക്കുന്ന ഗോപന്‍ ചെന്നിത്തലയുടെ പ്രചരണത്തിന് വേണ്ടിയാണ് സുരേഷ് ഗോപി എത്തിയത്.
പ്രിയതാരം വെയില്‍ കൊള്ളുന്നതു കണ്ടപ്പോള്‍ വെയിലത്ത് നിന്ന് മാറി നില്‍ക്കൂ സാറേ എന്നായിരുന്നു ഒരാളുടെ അഭ്യര്‍ത്ഥന. വെയില്‍ കൊള്ളുന്നത് നല്ലതാണ്, നിങ്ങള്‍ വെയിലു കൊള്ളുന്നതു കൊണ്ടല്ലേ നല്ല ആരോഗ്യമുള്ളത് എന്നായിരുന്നു താരത്തിന്റെ ചോദ്യം.