Home-bannerKeralaNewsPolitics

‘രസിക്കാത്ത സത്യങ്ങള്‍’; കെ. സുരേന്ദ്രന്‍ വോട്ട് കച്ചവടവും ഫണ്ട് വെട്ടിപ്പും നടത്തിയെന്ന് ലഘുലേഖ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങുമായി ലഘുലേഖ പ്രചരിക്കുന്നു. സുരേന്ദ്രന്‍ വോട്ട് കച്ചവടം നടത്തിയെന്നും ഫണ്ട് ചെലവാക്കാതെ മുക്കി എന്നുമാണ് പ്രധാന ആരോപണങ്ങള്‍. സുരേന്ദ്രന്‍ മത്സരിച്ച പത്തനംതിട്ടയില്‍ നിന്നാണ് ലഘുലേഖ പ്രചരണം തുടങ്ങിയത്. സംസ്ഥാന ഭാരവാഹികള്‍ക്കും ദേശീയ നേതൃത്വത്തിനുമെല്ലാം ഇതിന്റെ കോപ്പി ലഭിച്ചു.

‘രസിക്കാത്ത സത്യങ്ങള്‍’ എന്ന തലക്കെട്ടിലാണ് ലഘുലേഖ പ്രചരിക്കുന്നത്. സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിച്ച യുഡിഎഫിലെ അടൂര്‍ പ്രകാശുമായി ചേര്‍ന്ന് വോട്ടുകച്ചവടം നടത്തിയെന്നാണ് പ്രധാന ആരോപണം. അടൂര്‍ പ്രകാശിന്റെ ബന്ധുവിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ ചര്‍ച്ച നടത്തി. ഈയടുത്ത് ബിജെപിയില്‍ തിരിച്ചെടുത്ത വി.വി രാജേഷും ചര്‍ച്ചയില്‍ പങ്കാളിയായെന്ന് ലഘുലേഖയില്‍ പറയുന്നു.

അടൂര്‍ പ്രകാശിന് ആറ്റിങ്ങലില്‍ ബിജെപി വോട്ട് മറിച്ചു നല്‍കും. അടൂര്‍ പ്രകാശ് വിജയിച്ചാല്‍ കോന്നിയിലെ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായെത്തും. അപ്പോള്‍ പ്രത്യുപകാരമായി പ്രകാശ് കോണ്‍ഗ്രസ് വോട്ടുകള്‍ നല്‍കി സഹായിക്കുമെന്നും ധാരണയുണ്ടാക്കിയെന്നും വോട്ടുകച്ചവടത്തില്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും ലഘുലേഖയില്‍ പറയുന്നു.

ഇതോടൊപ്പം തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും ലഘുലേഖയിലുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം പത്തനംതിട്ടയില്‍ പ്രചാരണത്തിനായി അഞ്ചുകോടി രൂപ നല്‍കി. കൂടാതെ പല പ്രമുഖരില്‍നിന്നായി 2.85 കോടിയും സമാഹരിച്ചു. ഒരു മഠത്തില്‍നിന്ന് 15 ലക്ഷം, ജ്വല്ലറി ഉടമയടക്കമുള്ളവര്‍ പത്തുലക്ഷം, എന്‍ആര്‍ഐ സെല്‍ പത്തുലക്ഷം തുടങ്ങിയ തുകകള്‍ മാത്രമാണ് കണക്കില്‍പ്പെടുത്തിയതെന്നും ലഘുലേഖയില്‍ പറയുന്നു.

അതേസമയം ആരോപണവും ലഘുലേഖയും സുരേന്ദ്രന്‍ വിഭാഗം തള്ളിക്കളഞ്ഞു. സംസ്ഥാന പ്രസിഡന്റ് പദം നഷ്ടമാകുമെന്ന ഭീതിയില്‍ പി എസ് ശ്രീധരന്‍ പിള്ള പക്ഷമാണ് ഇതിനു പിന്നിലെന്നാണ് സുരേന്ദ്ര പക്ഷത്തിന്റെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button