Home-bannerInternational

‘സപ്രോഷ്യയില്‍ ആണവ വികിരണമില്ല’, റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു

കീവ്: റഷ്യ (Russia) ആക്രമണം നടത്തിയ യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സപ്രോഷ്യയില്‍  (Zaporizhzhia Nuclear Plant) തീ പൂര്‍ണ്ണമായും അണച്ചു. ആണവ വികിരണം ഇല്ലെന്ന് പ്ലാന്‍റ് ഡയറക്ടറും അമേരിക്കയും വ്യക്തമാക്കി. റിയാക്ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു. ആണവ പ്രതികരണ സംഘത്തെ സജ്ജമാക്കി. ആളപായമില്ലെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആണവനിലയമുള്ള എനിര്‍ഗോദറില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്ലോദമിര്‍ സെലന്‍സ്കിയുമായി ബന്ധപ്പെട്ട് ആണവ നിലയത്തിലെ സാഹചര്യം അന്വേഷിച്ചതായാണ് വിവരം.  

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സെലന്‍സ്കിയുമായി സംസാരിച്ചു. യുഎന്‍ രക്ഷാസമിതി ചേരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുദ്ധം തുടങ്ങി ഒന്‍പതാം ദിനമായ ഇന്ന് രാവിലെയാണ് ആണവനിലയമായ സപ്രോഷ്യയ്ക്ക് നേരെ റഷ്യന്‍ ആക്രമണമുണ്ടായത്.

റഷ്യന്‍ സൈന്യം ആണവനിലയത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിലയത്തിന് നേരെ വെടിയുതിര്‍ത്തെന്ന് യുക്രൈനിയന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. നിലയത്തിന് തീപിടിച്ചിട്ടുണ്ട്. നിലയം തകര്‍ന്നാല്‍ ചെര്‍ണോബില്‍ ദുരന്തക്കേള്‍ 10 ഇരട്ടി പ്രഹരശേഷിയുള്ള ദുരന്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ പ്രധാന നദികളിലൊന്നായ നീപ്പര്‍ നദിയുടെ കിഴക്കന്‍ പകുതി പൂര്‍ണമായി പിടിച്ച് യുക്രൈനെ തന്നെ പിളര്‍ക്കാന്‍ നീങ്ങുകയാണ് റഷ്യ. അതിര്‍ത്തി തുറമുഖങ്ങള്‍ പിടിച്ച് യുക്രൈന്‍റെ കരിങ്കടലിലേക്കും അസോവ് കടലിലേക്കുമുള്ള അതിര്‍ത്തികള്‍ അടച്ച് കൈക്കലാക്കലും കൂടി ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കം. റൊമാനിയന്‍ തീരം വരെയുള്ള സമുദ്രാതിര്‍ത്തി പിടിച്ച് നാവികശക്തി കൂട്ടല്‍ റഷ്യയുടെ കാലങ്ങളായുള്ള സ്വപ്നമാണ്. നീപ്പര്‍ നദിയുടെ തീരനഗരങ്ങള്‍ തന്ത്രപ്രധാന മേഖലയാണ്. 

നീപര്‍ നദിയുടെ ഡെല്‍ട്ടയിലാണ് തലസ്ഥാനമായ കീവിലേക്കുള്ള പാതയിലെ പ്രധാന തുറമുഖമായ കേഴ്‌സന്‍. അത് റഷ്യ പിടിച്ചു കഴിഞ്ഞു. നീപ്പര്‍ നദിയുടെ ഡെല്‍റ്റ മേഖല യുക്രൈന്‍റെ ഭക്ഷ്യ അറയാണ്. കടല്‍ക്കരയില്‍ യുക്രൈനിലേക്കുള്ള ഗേറ്റ് വേയായ ക്രൈമിയ നേരത്തെ റഷ്യ പിടിച്ചടക്കിയതാണ്. ഇനി തുറമുഖ നഗരമായ ഒഡേസ കൂടി പിടിച്ചാല്‍ അതുവഴി മള്‍ഡോവ വരെ നീളുന്ന കരിങ്കടല്‍ അതിര്‍ത്തി മേഖല റഷ്യയുടെ കൈയിലാകും. ഒഡേസയില്‍ റഷ്യ ആക്രമണം തുടങ്ങിക്കഴിഞ്ഞു. തുറമുഖ പ്രാധാന്യമുള്ള മരിയുപോള്‍, മെലിറ്റോപോള്‍, ബെര്‍ഡിയാന്‍സ്‌ക് ഒക്കെ വീഴുന്നതോടെ റഷ്യയ്ക്ക് തെക്ക് വേറെ തടസ്സങ്ങളില്ല. ഡോണ്‍ബാസ് മേഖലയില്‍ നിന്ന് ഏറ്റവുമടുത്ത വന്‍ തീര നഗരമായ സപ്രോഷ്യ കൂടിയായാല്‍ റഷ്യന്‍ അനുകൂലികള്‍ നിറഞ്ഞ ഡോണ്‍ബാസില്‍ നിന്ന് നീപ്പറിലേക്ക് വഴി തുറന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker