NationalNews

കാവടി യാത്ര: കടയുടമകളുടെ പേര് പ്രദര്‍ശിപ്പക്കണമെന്ന യുപി സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: കാവടി യാത്രാ വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യുപി സര്‍ക്കാറിന്റെ ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീംകോടതി. കട ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാറുകള്‍ നോട്ടീസ് അയച്ചു.

വിഷയം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നത്. മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ഹിറ്റ്‌ലറുടെ നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നതാണെന്നുമെല്ലാം വിമര്‍ശനമുയര്‍ന്നിരുന്നു.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ന്, യു.പി സര്‍ക്കാറിന്റെ വിവാദ ഉത്തരവ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഹാരിസ് ബീരാന്‍, പി. സന്തോഷ് കുമാര്‍ എന്നിവര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റെസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍, പഴക്കടകള്‍ തുടങ്ങിയവയുടെ ഉടമകളുടെ പേരുകള്‍ കടക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തില്‍ മുസഫര്‍നഗര്‍ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലെ ഉജ്ജയിനിലും സമാന ഉത്തരവ് നല്‍കിയിരുന്നു. ഹോട്ടലുടമകളുടെ പേരും മൊബൈല്‍ നമ്പറും സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ഉത്തരവ്. ഉത്തരവ് വിഭാഗീയത വളര്‍ത്താന്‍ കാരണമാകുമെന്നും, ഒരു വിഭാഗക്കാര്‍ക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കല്‍പിക്കാന്‍ സാഹചര്യം ഒരുക്കുമെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.

അതേസമയം, കന്‍വര്‍ യാത്രക്ക് ഇന്ന് തുടക്കമായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഗംഗാജലം ശേഖരിക്കാന്‍ പോകുന്ന തീര്‍ത്ഥാടകര്‍ നടക്കുന്ന വഴികളില്‍ ഡ്രോണ്‍ നിരീക്ഷണം അടക്കം ഏര്‍പ്പെടുത്തിയതായി യുപി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker