ന്യൂഡല്‍ഹി: സൈന്യത്തിലെ ഉന്നത പദവികളില്‍ വനിതകളെ നിയമിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി തള്ളി. കരസേനയില്‍ വനിതകള്‍ക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സേനയില്‍ വനിത ഓഫീസര്‍മാരെ സ്ഥിര കമാന്റിംഗ് ഓഫീസര്‍മാരായി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ഡല്‍ഹി കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. സ്ഥിര കമ്മീഷനും ആനുകൂല്യത്തിനും വനിത സൈനികര്‍ക്കും അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാറിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ കേന്ദ്രം നിലപാടി മാറ്റണമെന്നും സേന വിഭാഗങ്ങളിലെ ലിംഗ വിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
മാതൃത്വം, കായികക്ഷമത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥിര കമ്മീഷന്‍ നിയമനവും സുപ്രധാന തസ്തികകളില്‍ നിയമനവും വനിത ഓഫീസര്‍മാര്‍ക്ക് സേനയില്‍ നല്‍കാതിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്റെ ഈ വാദങ്ങളൊന്നും സുപ്രിംകോടതി അംഗീകരിച്ചില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലിംഗവിവേചനമാണിതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. മാത്രമല്ല, ഡല്‍ഹി കോടതിയുടെ ഉത്തരവ് അടിയന്തിരമായി തന്നെ പരിഗണിക്കണമെന്നും സുപ്രിംകോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.