ന്യൂഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകനെ പോലെ തന്നെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
മകള്‍ ജീവിതകാലം മുഴുവന്‍ സ്നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 1956 ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം നിലവില്‍ വന്നത്. പിന്നീട് 2005ല്‍ ഈ നിയമം ഭേദഗതി ചെയ്തു. 2005 ലെ ഭേദഗതി നിലവില്‍ വന്ന സമയത്ത് അച്ഛന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് വിഷയമല്ലായിരുന്നു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കിയിരുന്നു. സുപ്രിംകോടതി ഈ നിയമ ഭേദഗതി അംഗീകരിച്ചു. നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കിയിരിക്കുകയാണ് സുപ്രിംകോടതി.