അഭിഭാഷകന്‍ ‘അദൃശ്യനായി’; രാഹുലിനെതിരായ സരിതയുടെ ഹര്‍ജി സുപ്രീം കോടതി മാറ്റി
ന്യൂഡല്‍ഹി: വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ്. നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ചത്തേക്കു മാറ്റി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സരിതയുടെ അഭിഭാഷകന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വാദം നടത്താന്‍ കഴിയാതെ വന്നതാണ് കേസ് നീട്ടിവയ്ക്കാന്‍ കാരണമായത്.
വാദം തുടങ്ങിയപ്പോള്‍ സരിതയുടെ അഭിഭാഷകന്റെ ദൃശ്യം ലഭ്യമല്ലായിരുന്നു. അഭിഭാഷകന്റെ ശബ്ദം മാത്രമാണ് ലഭ്യമായത്. ഇതോടെ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസ് മാറ്റിവയ്ക്കുകയായിരുന്നു.
വയനാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. സോളാര്‍ കേസില്‍ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാന്‍ അമേഠി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു.
വയനാട്ടിലെ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ആവശ്യം. സരിതയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ വിജയിച്ചത്.