
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജസ്വന്ത് വര്‍മയെ സ്ഥലംമാറ്റിയ നടപടി അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതല്ലെന്ന് സുപ്രീംകോടതി. സംഭവത്തില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്. സ്ഥലംമാറ്റത്തിന് ഈ ആരോപണവുമായി യാതൊരു ബന്ധവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അലഹബാദ് ഹൈക്കോടതിയിലേക്കുള്ള ജസ്റ്റിസ് വര്‍മയുടെ സ്ഥലംമാറ്റം പണം പിടിച്ചതുമായി ബന്ധപ്പെട്ടതാണെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വിവരവും അഭ്യൂഹങ്ങളും മാത്രമാണ്. ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത്. വിവരം ലഭിച്ചയുടന്‍ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടികള്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങി.
വിവരങ്ങളും തെളിവുകളും ശേഖരിക്കാനുള്ള നടപടികളടക്കമാണ് തുടങ്ങിയതെന്നും സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നാമത്തെ അംഗവും കൊളീജിയം അംഗവുമായ ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത് സ്വതന്ത്രമായ നടപടിയാണെന്നും ആഭ്യന്തര അന്വേഷണവുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിന് എതിരെ ഇവിടുത്തെ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സ്ഥലമാറ്റിയ കൊളീജിയം തീരുമാനം പിന്‍വലിക്കണമെന്നാണ് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടത്. കൊളീജിയം തീരുമാനം ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. അലഹബാദ് ഹൈക്കോടതി ഒരു മാലിന്യ സംഭരണിയാണോ ? നിലവിലെ സാഹചര്യത്തില്‍ വിഷയം പ്രാധാന്യമേറിയതാണ് – ബാര്‍ അസോസിയേഷന്‍ വിമര്‍ശിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരേ അന്വേഷണത്തിന് തീരുമാനമായത്. കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ലഭിച്ച വിവരം ഫുള്‍ കോര്‍ട്ട് യോഗത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ധരിപ്പിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു.
ഡല്‍ഹി ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയാണ്. 2014-ല്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ 2021-ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എഎന്‍ വര്‍മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ.