ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് ഭയപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി. കേസിലെ 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏപ്രില്‍ 18ന് മുമ്പ് ഹാജരാക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനും, ഗുജറാത്ത് സര്‍ക്കാരിനും, ജയില്‍ മോചിതരായ പ്രതികള്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഏപ്രില്‍ 18ന് വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്നറിയിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയുമാണ് ബില്‍ക്കിസ് കേസ് ഭയപ്പെടുത്തുന്നതെന്ന് അഭിപ്രായപ്പെട്ടത്.
ബില്‍ക്കിസ് ബാനു രണ്ട് ഹര്‍ജികളാണ് നല്‍കിയിരുന്നത്. അതിലൊന്ന് കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ 2022ലെ വിധി സുപ്രീം കോടതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. വിഷയം അടിയന്തരമായി പരിഗണിക്കുമെന്നും അതിനായി പുതിയ ബെഞ്ച് രൂപീകരിക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ അറിയിച്ചിരുന്നു.
ജനുവരി നാലിന് ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുകയും കാരണങ്ങള്‍ കൂടാതെ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെയാണ് ഹര്‍ജി. കേസില്‍ 2008 ജനുവരി 21ന് മുംബൈയിലെ സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഇവരുടെ ശിക്ഷ പിന്നീട് ബോംബൈ ഹൈക്കോടതി ശരിവെക്കുകയുമായിരുന്നു.15 വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെയാണ് മോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണ ഏജന്‍സിയുടെ എതിര്‍പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുകയായിരുന്നു.