FeaturedNationalNews

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്;കേന്ദ്രത്തെ പഴിച്ച സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി, കേന്ദ്രത്തിൻ്റെ മാറ് പിളർന്ന് 10 ചോദ്യങ്ങളും

ന്യൂഡൽഹി:രാഷ്ട്രീയം കളിക്കാനുള്ള സമയല്ല കൊവിഡ് കാലമെന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി.കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.

ഏറെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളിൽ ഉന്നത തലങ്ങളിലേക്ക് വിവരം അറിയിക്കണം. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയപരമായ തർക്കങ്ങൾ ഉണ്ടാവരുത്. തിരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയം വേണ്ടത്. ഇപ്പോൾ രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. സഹകരമാണ് ഇപ്പോൾ വേണ്ടത്-സുപ്രീം കോടതി പറഞ്ഞു.

നിലവിലെ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഭരണസംവിധാനം പൂർണമായും ഫലവത്തായി പ്രവർത്തിക്കുമെന്ന് ഡൽഹി സർക്കാർ കോടതിയിൽ ഉറപ്പുനൽകി.ഡൽഹിയുടെ കാര്യത്തിൽ കേന്ദ്രത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് നേരത്തേയും കോടതി നിരീക്ഷിച്ചിരുന്നു.

ഡൽഹിയിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ഡൽഹി സർക്കാർ ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി നിരീക്ഷണം. വിഷയത്തിൽ വിശദീകരണം നൽകാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചിരുന്നു.കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കവെയാണ് കോടതിയുടെ വിമർശം. ഇതുമായി ബന്ധപ്പെട്ട് 10 ചേദ്യങ്ങളാണ് കോടതി സർക്കാരിനോട് ചോദിച്ചത്. വാക്സിൻ വിലയും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും ഓക്സിജൻ ലഭ്യതയും ഉൾപ്പെടെയുള്ള വിഷയങ്ങളിലൂന്നിയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.

കോടതിയുടെ ചോദ്യങ്ങൾ

1. ആശുപത്രികൾക്ക് ഓക്സിജൻ എത്ര വകയിരുത്തുന്നു എന്നതിന്റെ തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ സംവിധാനം ഒരുക്കാൻ കഴിയുമോ? അതിലൂടെ ഒരു ആശുപത്രിയിൽ എത്ര ഓക്സിജനുണ്ടെന്ന് പരിശോധിക്കാൻ കഴിയില്ലേ.

2. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ഡൗൺ പോലുള്ള എന്ത് നിയന്ത്രണമാണ് സർക്കാർ സ്വീകരിച്ചത്. ഓക്സിജൻ ടാങ്കറുകൾ വിതരണം ചെയ്യാനും സിലിണ്ടറുകൾ എത്തിക്കുന്നത് ഉറപ്പാക്കാനും സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്.? സത്യവാങ്മൂലത്തിൽ ഇതേക്കുറിച്ച് പരാമർശമfല്ല.

3. നിരക്ഷരരുടേയും ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവരുടെയും വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എങ്ങനെ ഉറപ്പാക്കും ?

4.വാക്സിനുകൾ ലഭിക്കുന്നതിന് ഒരു സംസ്ഥാനത്തിന് മറ്റൊന്നിനേക്കാൾ മുൻഗണന ലഭിക്കുന്ന സാഹചര്യം ഉണ്ടാകില്ലേ? 50 ശതമാനം വാക്സിൻ സംസ്ഥാനങ്ങൾ കരസ്ഥമാക്കണമെന്ന് കേന്ദ്രം പറയുന്നു. ഇക്കാര്യത്തിൽ വാക്സിൻ നിർമ്മാതാക്കൾ ഓരോ സംസ്ഥാനങ്ങൾക്കുമുള്ള ഓഹരി എങ്ങനെ ഉറപ്പാക്കും?

5. ഇത്തരം അടിയന്തര സാഹചര്യം നേരിടുമ്പോൾ നിർബന്ധിത ലൈസൻസുകൾ നൽകുന്നതിന് പേറ്റന്റ് നിയമത്തിലെ സെക്ഷൻ 92 കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ?

6. ആർടി-പിസിആർ പരിശോധനയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്താനാകുന്നില്ല. പോസിറ്റീവ് റിപ്പോർട്ട് ഇല്ലാത്തതിനാൽ ആരോഗ്യ കേന്ദ്രങ്ങൾ ജനങ്ങളെ പ്രവേശിപ്പിക്കുന്നില്ല .അല്ലെങ്കിൽ ഉയർന്ന ഫീസ് ഈടാക്കുന്നു. ഇത് എങ്ങനെയാണ് കൈകാര്യം ചെയ്യുക. ഇതിന് ഒരു നയമുണ്ടോ?

7. കോവിഡിന്റെ രണ്ടാം തരംഗത്തിലെ വൈറസ് വകഭേദത്തെ കണ്ടെത്താനായി ലാബുകൾക്ക് എന്ത് മാർഗ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഒരു പരിശോധനാ ഫലം അറിയാൻ എത്ര സമയ പരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്.

8. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും ആശുപത്രികൾ ഈടാക്കുന്ന ഉയർന്ന നിരക്ക് കേന്ദ്രം എങ്ങനെയാണ് നിയന്ത്രിക്കുന്നത്.

9. ആരോഗ്യ പ്രവർത്തകരുടെ കുറവ് എങ്ങനെയാണ് പരിഹരിക്കുന്നത്. കോവിഡിൽ നിന്ന് ഡോക്ടർമാരെ എങ്ങനെയാണ് സംരക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത്. സുപ്രീം കോടതിയിൽ നമുക്കെല്ലാവർക്കും അടുപ്പമുള്ള ഒരു ഡോക്ടർ പറഞ്ഞത് കോവിഡ് ബാധിതനായപ്പോൾ അദ്ദേഹത്തിന് ഒരു ബെഡ് പോലും ലഭിച്ചില്ലെന്നാണ്. 1982 മുതൽ ജോലി ചെയ്യുന്ന ഡോക്ടറാണ് അദ്ദേഹം.

10 )കോടതിയുടെ ഈ ഹിയറിങ്ങ് കൊണ്ട് ഒരു മാറ്റമുണ്ടാകണം. രൂക്ഷ വ്യാപനമുള്ള സംസ്ഥാനങ്ങൾക്ക് എത്ര ഓക്സിജൻ ലഭ്യമാക്കുമെന്ന് ഞങ്ങളോട് പറയുക.

ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ്, എൽ നഗേശ്വര റാവു, രവീന്ദ്ര ബട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker