ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്തു ചെയ്തു? മോദി സര്‍ക്കാരിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാരും 10 സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് പരമോന്നത കോടതിയുടെ നടപടി. ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയുന്നതിന് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
കൂടാതെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ വീണ്ടും സുപ്രീംകോടതി സമീപിച്ചത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖര്‍ ചേര്‍ന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്നകത്തയച്ചത്.