മുംബൈ:കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ധനികർ ലണ്ടനിലേക്ക് പറന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് നിലവിൽ വരുംമുമ്പാണ് കോർപ്പറേറ്റുകൾ ഉൾപ്പെടെയുള്ളവർ പ്രത്യേക ആർഭാട ചാർട്ടേഡ് വിമാനങ്ങളിൽ രാജ്യം വിട്ടത്.
വിലക്ക് നിലവിൽ വരുന്നതിന് 24 മണിക്കൂർ മുമ്പ് എട്ട് ചാർട്ടേഡ് വിമാനങ്ങൾ ഇന്ത്യയിൽ നിന്നും ലണ്ടനിലെ ലൂട്ടൻ വിമാനത്താവളത്തിലിറങ്ങിയതായി ഫ്ളൈറ്റ് അവെയർ എന്ന വെബ്സൈറ്റ് വ്യക്താക്കുന്നു. നാലെണ്ണം മുംബൈയിൽ നിന്നും മൂന്നെണ്ണം ഡൽഹിയിൽ നിന്നും ഒരെണ്ണം അഹമ്മദാബാദിൽ നിന്നുമാണ് ലണ്ടനിലിറങ്ങിയത്.
വിസ്റ്റാ ജെറ്റ്, ഖത്തർ എക്സിക്യൂട്ടീവ് തുടങ്ങിയ സ്വകാര്യ ചാർട്ടേഡ് കമ്പനികളുടെ വിമാനങ്ങളാണ് പലരും ലണ്ടനിലെത്താൻ ഉപയോഗിച്ചിട്ടുള്ളത്. താമസത്തിന് അനുമതി നൽകുന്ന റെസിഡൻസി വിസയുള്ളവർക്കോ യു.കെ പൗരന്മാർക്കോ മാത്രമാണ് റെഡ് ലിസ്റ്റിൽ ഇന്ത്യ തുടരുമ്പോൾ ലണ്ടനിൽ ഇറങ്ങാൻ കഴിയുക.