ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു
ന്യൂഡല്‍ഹി: ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94 )അന്തരിച്ചു. ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് എട്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഐസിയുവില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
1927 ജനുവരി ഒന്‍പതിന് ഉത്തരാഖണ്ഡിലെ തെഹ്രി എന്ന സ്ഥലത്തിനടുത്തുള്ള മറോദ എന്ന ഗ്രാമത്തിലാണ് സുന്ദര്‍ലാല്‍ ജനിച്ചത്. തൊട്ടുകൂടായ്മയ്ക്കെതിരെയും മദ്യത്തിനെതിരെയും പോരാടിയാണ് അദ്ദേഹം സമരജീവിതം ആരംഭിച്ചത്.
1974 മാര്‍ച്ച് 26ന് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചു. 1980 മുതല്‍ 2004 വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പോരാളിയായിരുന്നു. അദ്ദേഹം നിരവധി തവണ ഉപവാസ സമരം നടത്തിയിട്ടുണ്ട്. 2009ല്‍ അദ്ദേഹത്തെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. 1981ല്‍ പത്മശ്രീ ലഭിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.