KeralaNews

സുനന്ദ പുഷ്‌കര്‍ കേസ്; ശശി തരൂര്‍ വിചാരണ നേരിടണമോ എന്ന് ഇന്നറിയാം

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എം പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ണായക വിധി ഇന്ന്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പറയുന്നത്. നേരത്തെ മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദിച്ചത്. എന്നാല്‍ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്.

മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്‍ അഡ്വ വികാസ് പഹ്വയുടെ വാദം.

സുനന്ദയുടേത് ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലും പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നാണ് തരൂരിന്റെ വാദം.

കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം കൊലപാതമാണെന്ന് പൊലീസ് നിഗമനത്തിലെത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker