വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേർ ആക്രമണം ; നിരവധി പേർ കൊല്ലപ്പെട്ടു
കാബൂൾ : വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേർ ആക്രമണം. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. രാജ്യ തലസ്ഥാനമായ കാബൂളിൽ ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.
കൗസർ-ഇ- ദാനിഷ് എന്നു പേരുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ കെട്ടിവെച്ച അക്രമി കെട്ടിടത്തിന് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. തടയാൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ ഇയാൾ അക്രമിച്ചതായി കാബൂൾ പോലീസ് വക്താവ് പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ 11 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. പ്രദേശത്ത് തെരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അതേ സമയം ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.