‘കുടുംബത്തില്‍ പിറന്ന പെണ്ണ് എന്ന പേര് കിട്ടാന്‍വേണ്ടി സ്ത്രീകള്‍ സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു’; സുഹാസിനി
2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമാണ് ജൂറി തെരഞ്ഞെടുത്തത്. നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറയുന്നത്.
‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം. എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തെരഞ്ഞെടുത്തത്,’ സുഹാസിനി പറയുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി അറിയിച്ചു.
നിമിഷ സജയന്‍ ബോള്‍ഡാണ്. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട ദിവസം രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. കുറ്റബോധമാണ് തോന്നിയത്. സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളം വേണോ? ചായ വേണോ എന്നൊക്കെ ചോദിച്ച് എല്ലാം ചെയ്യുന്നു. എല്ലാ സ്ത്രീകളും അതുതന്നെയാണ് ഇപ്പോഴും ചെയ്യുന്നത്.
ആ സിനിമ കണ്ടിട്ട് എനിക്ക് വിഷമമായിരുന്നില്ല, കുറ്റബോധമായിരുന്നു. കുടുംബത്തില്‍ പിറന്ന നല്ല പെണ്ണ് എന്ന പേര് കിട്ടാന്‍ വേണ്ടി സ്ത്രീകള്‍ സുരാജിനെ പോലെയുള്ള ഭര്‍ത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഭാവിയെ ഇല്ലാതാക്കുകയാണ് അവര്‍’, സുഹാസിനി പറയുന്നു.