വല്യേട്ടനായി കളക്ടര്‍ സുഹാസ് വിദ്യാര്‍ത്ഥികളെ ബസ് കയറ്റിവിട്ടു,നല്ല കുട്ടികളായി ബസ് ജീവനക്കാര്‍, മോശം പെരുമാറ്റമുണ്ടായാല്‍ നടപടിയെന്ന് മുന്നറിപ്പ്,എറണാകുളം കളക്ടറുടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

കൊച്ചി: നഗരത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രധാന പരാതിയായിരുന്നു നഗരത്തിലൂടെ പരക്കം പായുന്ന സ്വകാര്യ ബസുകളുടെ നിലവിട്ട പെരുമാറ്റം. ബസുകള്‍ക്ക് പിന്നാലെ പലപ്പോഴും പരക്കം പാഞ്ഞാലും വിദ്യാര്‍ത്ഥികളെ കയറ്റാന്‍ പോലും പല ബസുകളും തയ്യാറാവില്ല. ചില ബസുകളാവട്ടെ സ്റ്റാന്റില്‍ നിന്നും യാത്രയാരംഭിയ്ക്കുംമുമ്പ് വിദ്യാര്‍ത്ഥികളെ കയറ്റില്ല. ബസില്‍ നില്‍ക്കാന്‍ മാത്രം വിധി.

എറണാകുളം ജില്ലാ കളക്ടറായി എസ്.സുഹാസ് ചാര്‍ജേറ്റെടുത്തപ്പോള്‍ ആദ്യം ലഭിച്ച പരാതികളിലൊന്നും ഇതുതന്നെയായിരുന്നു.എന്നാല്‍ പിന്നെ നേരിട്ട് കാര്യം മനസിലാക്കാതിരിയ്ക്കുന്നതെങ്ങനെ. കളക്ടര്‍ നേരിട്ടെത്തി.ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലായിരുന്നു കളക്ടറുടെ മിന്നല്‍ സന്ദര്‍ശനം.കളക്ടറെ കണ്ട വിദ്യാര്‍ത്ഥികള്‍ ഞെട്ടി. ബസ് ജീവനക്കാര്‍ വളരെ പെട്ടെന്ന് നല്ല കുട്ടികളായി.ഏതാനും ബസുകള്‍ പരിശോധിച്ച കളക്ടര്‍ കുട്ടികളോട് മാന്യമായി ഇടപെടണമെന്ന് നിര്‍ദ്ദേശം നല്‍കി.കണ്‍സെഷന്‍ നിഷേധിയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും.വരും ദിനങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.