പ്രണയാര്‍ദ്രരായി ചുവടുവച്ച് പ്രിയ വാരിയരും റംസാനും; വിഡിയോ വൈറൽ
കൊച്ചി:ത്രസിപ്പിക്കും ഡാൻസ് വിഡിയോ പങ്കിട്ട് നടി പ്രിയ വാരിയരും നടനും നർത്തകനുമായ റംസാൻ മുഹമ്മദും. സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം.
മുറിക്കുള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്കാരം. പ്രണയാർദ്ര നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും പ്രിയയുടെയും റീൽ വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടേയും വസ്ത്രധാരണരീതിയും ചർച്ചയായിരിക്കുകയാണ്.
‘അഡാറ് ലൗവ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.
മഴവിൽ മനോരമയിലെ ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ താരമാണ് റംസാൻ മുഹമ്മദ്.ബിഗ്‌ബോസിലൂടെയും ശ്രദ്ധേയനായിരുന്നു. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു.