ബെംഗളൂരു: ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. മകനെ കൊലപ്പെടുത്തി ബാഗിലാക്കി കടക്കുന്നതിനിടെ സുചന സേത്ത്(39) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവരെന്നും ഡിവോഴ്‌സ് നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മകനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ സുചന തൃപ്തയായിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം.
ഗോവയിലെ ആഡംബര അപ്പാര്‍ട്ട്മെന്റില്‍ വച്ചാണ് സുചന സേത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് വെളിപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ടാക്സി വിളിച്ച് കര്‍ണാടകയിലേക്കു പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.
ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലെത്തിയ സുചന തിങ്കളാഴ്ച തിരികെ പോയപ്പോള്‍ കുഞ്ഞ് കൂടെയില്ലാതിരുന്നതില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതാണ് കുടുക്കാന്‍ സഹായിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു.
ഇതില്‍ സംശയം തോന്നിയ പൊലീസ്, ടാക്സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. ചിത്രദുര്‍ഗ പൊലീസ് കാര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്. സുചനയെ തെളിവെടുപ്പിനായി ഗോവയിലേക്കു കൊണ്ടുപോയി.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പുതിയ സാധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ദ് മൈൻഡ്ഫുൾ എഐ ലാബ്’ എന്ന സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണ് സുചന സേത്ത്. കഴിഞ്ഞ നാലു വർഷമായി കമ്പനിയെ നയിക്കുന്നത് സുചനയാണ്. ബോസ്റ്റണിൽ ഹാർവഡ് സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രമായ ബെർക്മാൻ ക്ലെയിൻ സെന്ററുമായി ചേർന്ന രണ്ടു വർഷത്തോളം പ്രവർത്തിച്ചിരുന്നു. ദ് മൈൻഡ്ഫുൾ എഐ ലാബ് സ്ഥാപിക്കുന്നതിനു മുൻപ് ബെംഗളൂരുവിലെ ബൂമറാങ് കൊമേഴ്സിൽ ഡാറ്റ സയന്റിസ്റ്റായി ജോലി നോക്കിയിരുന്നു. കമ്പനിയുടെ ഡാറ്റ സയൻസ് ഗ്രൂപ്പിൽ സീനിയർ അനലറ്റിക്സ് കൺസൾട്ടന്റായും പ്രവർത്തിച്ചു.
കൽക്കട്ട സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ( പ്ലാസ്മ ഫിസിക്സ് വിത്ത് ആസ്ട്രോ ഫിസിക്സ്) 2008ൽ ഫസ്റ്റ് ക്ലാസോടെയാണ് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. രാമകൃഷ്ണമിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽനിന്ന് സംസ്കൃതത്തിൽ പിജി ഡിപ്ലോമ ഒന്നാം റാങ്കോടെയും പാസായി.