CrimeNationalNews

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്;അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം,ഒടുവില്‍ കുടുങ്ങി

ഭോപ്പാല്‍: സര്‍വീസ് ബുക്കിലും ഇന്‍ഷുറന്‍സിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി ചേര്‍ക്കാത്തതിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. മധ്യപ്രദേശ് ഷാപുരയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ നിഷ നാപിതിനെയാണ് തൊഴില്‍രഹിതനായ ഭർത്താവ് മനീഷ് ശർമ്മ കൊലപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ബോധരഹിതയായ നിഷയെ പ്രതി ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഇവരുടെ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നിഷയ്ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ടായിരുന്നെന്ന് പറഞ്ഞ പ്രതി സാധാരണ മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

‘രോഗിയായ നിഷ ശനിയാഴ്ച വ്രതമെടുത്തിരുന്നു. രാത്രിയായപ്പോള്‍ ഛര്‍ദ്ദിച്ചതോടെ ചില മരുന്നുകഴിച്ചു കിടന്നു. ഞായറാഴ്ച അവള്‍ക്ക് ജോലിയില്ലാത്തിനാല്‍ രാവിലെ ഞാന്‍ വിളിച്ചില്ല. പിന്നീട് പത്തുമണി കഴിഞ്ഞ് ജോലിക്കാരി വന്നപ്പോള്‍ ഞാന്‍ നടക്കാന്‍ പോയി. ശേഷം രണ്ടുമണിക്ക് തിരിച്ചുവന്നിട്ടും എഴുന്നേല്‍ക്കാത്തത് കണ്ടപ്പോള്‍ വിളിച്ചുനോക്കി. എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ സി.പി.ആര്‍ കൊടുത്തു. പിന്നീട് ഒരു ഡോക്ടറെ വിളിച്ചുനോക്കിയപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുവരാന്‍ പറഞ്ഞു’, എന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞ കഥ.

എന്നാല്‍ നിഷയ്ക്ക് യാതൊരു അസുഖവുമില്ലെന്നും ശര്‍മ്മ നിഷയെ പണത്തിനായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇയാളാണ് മരണത്തിനു കാരണമെന്നുമുള്ള നിഷയുടെ സഹോദരി നീലിമ നാപിതിയുടെ ആരോപണമാണ് കേസില്‍ വഴിതിരിവായത്. യുവതിയുടെ മൂക്കിലും വായിലും രക്തസ്രാവമുണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയതും നിര്‍ണായകമായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തലയണ ഉപയോഗിച്ച് നിഷയെ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തെളിവുനശിപ്പിക്കുന്നതിനായി കൃത്യം നടത്തിയശേഷം രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങള്‍ പ്രതി നശിപ്പിച്ചിരുന്നു. കൊല്ലാനുപയോഗിച്ച തലയണയുടെ കവറും ബെഡ്ഷീറ്റും പ്രതിയുടെ വീട്ടിലെ വാഷിങ് മെഷിനില്‍ നിന്ന് പോലീസ് കണ്ടെത്തി.

തുടര്‍ന്ന് 45 കാരനായ പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി സെക്ഷന്‍ 302, 304 ബി, 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.2020-ലായിരുന്നു വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും വിവാഹിതരായത്. വിവാഹക്കാര്യം കുടുംബം ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീടാണ് കുടുംബത്തെ അറിയിച്ചതെന്നാണ് സഹോദരി പറയുന്നത്.

ഇതിനിടെ 24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകേഷ് ശ്രീവാസ്തവ അഭിനന്ദിക്കുകയും 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker