പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് അധ്യാപകര്‍ക്ക് നേരെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
വിദ്യാർഥിയുടെ വീഡിയോ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ അധ്യാപകർക്കെതിരേ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. പതിനെട്ട് വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചതിലാണ് വിമർശനം. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ചൊവ്വാഴ്ച പുറത്തുവന്നത്.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചുവെക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതിനെതുടർന്ന് വിദ്യാര്‍ഥി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്നാണ് പ്രധാന അധ്യാപകന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചത്. അവിടെ വെച്ചാണ് വിദ്യാര്‍ഥി അധ്യാപകനെ തീര്‍ക്കുമെന്നും കൊല്ലുമെന്നുള്ള തരത്തില്‍ ഭീഷണിയുയര്‍ത്തി സംസാരിച്ചത്..