മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥിനിയെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൊബൈല്‍ നിയന്ത്രണം ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈല്‍ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുകയെന്ന അവകാശത്തിനുമേല്‍ ആര്‍ക്കും തടയിടാന്‍ കഴിയില്ല. ഇത് വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണ്. മൗലികാവകാശത്തിന്റെ ഭാഗമായിട്ട് ഇതുവരുമെന്നു പറഞ്ഞാണ് കോടതി പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് ഉത്തരവിട്ടതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനായ അഡ്വ. ലഗിത് മാധ്യമങ്ങളോട് പറഞ്ഞു.
വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു ചേളന്നൂര്‍ എസ്.എന്‍ കോളജ് മാനേജ്മെന്റിന്റെ നിര്‍ദേശം. പഠന നിലവാരം ഉറപ്പാക്കാനാണിതെന്നാണ് മാനേജ്മെന്റിന്റെ വാദം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് പെണ്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെണ്‍കുട്ടിയുടെ പിതാവ് ഹക്സര്‍ കോടതിയെ സമീപിച്ചത്.