ബംഗളൂരു: അമൃത എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. അന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീഹര്‍ഷ എന്ന അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയാണ് കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്തത്. ഹോസ്റ്റലില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിന്റെ പേരില്‍ ശ്രീ ഹര്‍ഷയടക്കം ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഒരുവര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ, 25,000 രൂപ ഫൈനായും 50,000 രൂപ കോഷന്‍ ഡെപ്പോസിറ്റ് ആയും അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശ്രീഹര്‍ഷക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലികള്‍ ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ ലഭിച്ചിരുന്നു. എന്നാല്‍ കമ്പനികള്‍ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ കോളജ് അധികൃതര്‍ ശ്രീഹര്‍ഷയുടെ മുന്‍പില്‍ വെച്ച് കീറിക്കളഞ്ഞെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ചര്‍ച്ചക്കെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ശ്രീഹര്‍ഷയെ അധികൃതര്‍ കോളജിലേക്ക് വിളിച്ചു വരുത്തിയ ശേഷം കമ്പനികളുമായി സംസാരിച്ച് ലഭിച്ച ജോലികള്‍ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതില്‍ മനം നൊന്താണ് ശ്രീഹര്‍ഷ കോളജിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ പറഞ്ഞു.
മകന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീഹര്‍ഷയുടെ അച്ഛന്‍ കോളജില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍, അധികൃതര്‍ തന്നെ ഉള്ളിലേക്ക് കയറ്റി വിട്ടില്ലെന്നും മകനെ മാത്രമാണ് ചര്‍ച്ചക്കായി ഉള്ളില്‍ കയറ്റിയതെന്നും അച്ഛന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കോളജിന് പുറത്ത് കാത്ത് നിന്ന താന്‍ പിന്നീട് കേള്‍ക്കുന്നത് മകന്റെ മരണ വാര്‍ത്തയാണ്. മകന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി അല്പസമയത്തിനുള്ളില്‍ തന്നെ കോളജ് അധികൃതര്‍ രക്തക്കറ തുടച്ചു മാറ്റി തെളിവുകള്‍ നശിപ്പിച്ചെന്നും ശ്രീഹര്‍ഷയുടെ അച്ഛന്‍ ആരോപിക്കുന്നു.