സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ ഏഴുവയസുകാരന് അതേ ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം
കായംകുളം: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ ഏഴുവയസ്സുകാരന്‍ അതേ സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. കൃഷ്ണപുരം യു പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി റാം ഭഗത് (7) ആണ് മരിച്ചത്. സ്‌കൂള്‍ബസില്‍നിന്ന് ഇറങ്ങി ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.
സ്‌കൂള്‍ ബസ് വീടിനടുത്തുള്ള കളരി ക്ഷേത്രത്തിനു സമീപം നിര്‍ത്തിയപ്പോള്‍ സഹോദരി അവന്തികയ്ക്കും മറ്റൊരു കുട്ടിക്കും ഒപ്പം ഇറങ്ങിയതാണ് റാം ഭഗത്. എല്ലാ കുട്ടികളും ബസിന് പിന്നില്‍ക്കൂടിയാണ് റോഡ് മുറിച്ചുകടന്നത്. എന്നാല്‍, ബസിന് മുന്നിലൂടെയാണ് റാം ഭഗത് റോഡ് മുറിച്ചുകടന്നത്. ശ്രദ്ധയില്‍പ്പെടാതെ ഡ്രൈവര്‍ മുന്നോട്ടെടുത്ത വാഹനം തട്ടി റോഡില്‍ വീണ കുട്ടിയുടെ മേല്‍ വണ്ടി കയറിയിറങ്ങുകയായിരുന്നു.
കൃഷ്ണപുരം കൊച്ചുമുറി, കവണടിയില്‍, അനുഭാസിയുടെ മകനാണ് റാം. കൃഷ്ണപുരം ഗവ. യു.പി.സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സഹോദരി അവന്തിക. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡ്രൈവര്‍ക്കും ആയയ്ക്കും എതിരെ കേസെടുത്തു.