KeralaNews

അനാവശ്യമായി കറങ്ങണ്ട, മുകളില്‍ ഡ്രോണ്‍ ഉണ്ട്, കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ മാത്രം; എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍

കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇന്ന് മുതല്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം. സിനിമ തിയേറ്ററുകള്‍ അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 35,000 കടന്നതോടെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി മാത്രം നല്‍കാം. രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രവര്‍ത്തന സമയം.

വിവാഹവും മരണാനന്തര ചടങ്ങളുകളും കൊവിഡ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. ആളുകള്‍ കൂടിച്ചേരുന്ന മറ്റ് ചടങ്ങുകള്‍ക്ക് അനുമതിയില്ല. അടുത്ത ഞായറാഴ്ച വരെ തിയേറ്ററുകള്‍ അടച്ചിടണം. ഇക്കാര്യത്തില്‍ തിയേറ്റര്‍ ഉടമകളുമായി ധാരണയിലെത്തി. സിനിമാ ചിത്രീകരണവും അടിയന്തരമായി നിര്‍ത്തിവയ്ക്കണം. പാര്‍ക്കുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല.

സമ്പര്‍ക്കമുണ്ടാകുന്ന കായിക വിനോദങ്ങളും സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളും ഇനിയൊരു ഉത്തരവുണ്ടാകും വരെ വിലക്കിയിട്ടുണ്ട്. എസ്എസ്എല്‍സിയും പ്ലസ് ടുവും ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റിവയ്ക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു. ട്യൂഷന്‍ സെന്ററുകള്‍ക്ക് ഓണ്‍ലൈനായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ മീറ്റിങ്ങുകളും ഓണ്‍ലൈനായി നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. കൊച്ചിയില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിയ്ക്കുന്നവരെ പിടികൂടാനായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.

ആദ്യ ദിവസം കലൂര്‍, കളമശ്ശേരി, ത്യക്കാക്കര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച കറങ്ങിനടക്കുന്ന വരെ കണ്ടെത്താനാണ് കൊച്ചി പോലീസിന്റെ ഡ്രോണ്‍ പരിശോധന. സാമൂഹിക അകലം പാലിക്കാത്തവരും മാസ്‌ക് വയ്ക്കാത്തവരും എല്ലാം ഡ്രോണില്‍ കുടുങ്ങി.

ഉടന്‍തന്നെ സമീപത്തുള്ള പൊലീസുകാര്‍ക്ക് വയര്‍ലെസ് ലൂടെ സന്ദേശമെത്തും. ഒട്ടും വൈകാതെ ഈ പൊലീസുകാരെത്തി നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കും. ഡ്രോണ്‍ പരിശോധന കോവിഡ് പ്രോട്ടോക്കോള്‍ ലംഘിയ്ക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ജനത്തിരക്ക് കൂടുതല്‍ ഉള്ള പ്രദേശങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കൂടുതലായും നടത്തുന്നത്. കൊച്ചി സിറ്റി പരിധിയില്‍ ഞായറാഴ്ച്ച മാത്രം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 1200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker