NationalNews

വി.എച്ച്.പി റാലിക്കുനേരെ കല്ലേറ്; ഹരിയാണയിൽ സംഘർഷം, നിരോധനാജ്ഞ

ചണ്ഡീഗഢ്: ഹരിയാണയിലെ നൂഹില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) റാലിക്കുനേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചു. വി.എച്ച്.പി റാലിയില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

രാജസ്ഥാനില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് തിരയുന്നയാളാണ് മോനു മനേസര്‍. വി.എച്ച്.പിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായതിന് പിന്നാലെ ഗുരുഗ്രാം – ആള്‍വാര്‍ ദേശീയപാതയിലുള്ള നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. അക്രമം നിയന്ത്രിക്കാന്‍ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചു.

കൊലപാതകക്കേസില്‍ പോലീസ് തിരയുന്ന മോനു മനേസര്‍ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിലാണ്. അതിനിടെ, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇയാള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാനില്‍നിന്നുള്ള പോലീസ് സംഘം നൂഹുവില്‍ എത്തിയിരുന്നു. ഇതിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്.

അതിനിടെ അക്രമ സംഭവങ്ങളെത്തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരുമടക്കം 2500-ഓളം പേര്‍ ഗുരുഗ്രാമിലെ ഒരു ക്ഷേത്രത്തില്‍ അഭയംതേടിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. റാലിക്കെത്തിയവരാണ് ഇവരെന്നാണ് വിവരം.

റാലിക്കെത്തിയ പലരും പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകളിലും അഭയം തേടിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ സംഘര്‍ഷത്തിനിടെ ഒരു ഹോംഗാര്‍ഡ് കൊല്ലപ്പെട്ടതായും ഒരു പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെ അയക്കുമെന്നും സുരക്ഷാസേനയെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം പ്രദേശത്ത് എത്തിക്കാന്‍ ശ്രമിക്കുമെന്നും ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ് മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker