KeralaNews

നിപ ബാധിച്ച് 12 കാരന്‍ മരിച്ച സംഭവം, ആശുപത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: നിപ ബാധിച്ച് 12 കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയ്ക്ക് യഥാസമയം ചികിത്സ ലഭിച്ചില്ലെന്നുള്ള പരാതിയില്‍ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ചുമതലയുള്ള കോഴിക്കോട് ജില്ലാ കളക്ടര്‍ക്കുമാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയിട്ടുള്ളത്. ശക്തമായ പനി അടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച 12 കാരന് യഥാസമയം ചികിത്സ ലഭിച്ചിരുന്നില്ലെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ നൗഷാദാണ് പരാതി നല്‍കിയത്. ഈ പരാതിയിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

പനി ബാധിച്ച് ചികിത്സയിലിരിക്കെ സെപ്തംബര്‍ അഞ്ചിനാണ് 12 കാരന്‍ നിപ ബാധിച്ച് മരിച്ചത്. ചാത്തമംഗലം മാത്തൂര്‍ സ്വദേശിയാണ് മരിച്ച കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button