തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.