
ആലപ്പുഴ: കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടൻ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുൽത്താന എന്ന നാൽപ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് എക്‌സൈസിന് മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നൽകിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.
വിപണിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാണ് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
തസ്ലീന കണ്ണൂർ സ്വദേശിയാണ്. ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഓൺലൈൻ വഴിയാണ് ലഹരി ഇടപാട് നടത്തിയത്. സിനിമാ മേഖലയിലുള്ളവരെക്കൂടാതെ ആലപ്പുറയിലെ ടൂറിസം മേഖലയിലുള്ള ചിലർക്കും ലഹരിമരുന്ന് കൈമാറാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. യുവതിക്കെതിരെ എറണാകുളത്ത് പോക്‌സോ കേസുണ്ട്. എന്നാൽ ഫിറോസിനെതിരെ നിലവിൽ മറ്റ് കേസുകളൊന്നുമില്ല.
മെഡിക്കൽ ആവശ്യത്തിനായി തായ്ലൻഡ്, മലേഷ്യ എന്നിവടങ്ങളിലാണ് ഹൈബ്രിഡ് കഞ്ചാവ് നിർമിക്കുന്നത്. ഗ്രാമിന് പതിനായിരത്തോളം രൂപ വരും. സാധാരണ കഞ്ചാവ് ഗ്രാമിന് ആയിരം രൂപയിൽ കുറവാണ്.