CrimeKeralaNews

കിംസിലെ ചികിത്സാ സമയത്ത് രക്തമെടുക്കാന്‍ സമ്മതിക്കാതെ ശ്രീറാം, കുറ്റകൃത്യം മൂടിവെക്കാന്‍ കള്ളങ്ങളുടെ പെരുമഴ, ബഷീറിന്റെ കൊലപാതകത്തിൽ തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപത്രം. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസമയത്ത് സ്ഥലത്തെത്തിയ പോലീസിനോട് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്.
അപകടത്തില്‍പ്പെട്ട് മൃതപ്രായനായ ബഷീറിനെ പോലീസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയതിനു ശേഷം പോലീസിനൊപ്പം മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തില്‍ തനിക്കും പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പോലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയില്‍ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് എസ് കുമാര്‍ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പോലീസ് ക്രൈം എസ് ഐ മൊഴി നല്‍കിയിട്ടുണ്ട്.
ശ്രീറാം തന്റെ സുഹൃത്തായ ഡോ. അനീഷ് രാജിനെ വിളിച്ചു വരുത്തുകയും ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാതെ പോലീസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. കിംസില്‍ ചികിസക്കായി എത്തിയ ശ്രീറാം താന്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കിലിടിച്ച് ബഷീറിന് അപകടമുണ്ടായ കാര്യം ബോധപൂര്‍വം മറച്ചു വെക്കുകയായിരുന്നു. ഇക്കാര്യം കിംസിലെ ഡോക്ടറുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ മതിലില്‍ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താന്‍ കാറില്‍ സഹയാത്രികനായിരുന്നുവെന്നുമാണ് ശ്രീറാം ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. കിംസ് ആശുപത്രിയില്‍ അപ്പോള്‍ കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. മാസല്‍വോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സയുടെ ആവശ്യത്തിനായി ശ്രീറാമിന്റെ രക്തമെടുക്കാന്‍ നേഴ്‌സിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീറാം രക്തമെടുക്കാന്‍ സമ്മതിച്ചില്ല. ഇക്കാര്യം നേഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മന:പൂര്‍വ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയിലും അപകടകരമായും റോഡിലൂടെ വാഹനമോടിച്ചാല്‍ വാഹനമിടിച്ച് യാത്രക്കാര്‍ക്കം കാല്‍നടക്കാര്‍ക്കും വരം മരണം സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്ന് അറിവും ബോധ്യവുമുള്ള ഐ എ എസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.
വഫ തുടര്‍ച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാം. 50 കിലോമീറ്റര്‍ മാത്രം വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ അലക്ഷ്യമായും അപകടകരമായും സഞ്ചരിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നടത്തിയ നീക്കം മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. കേസിന്റെ തുടക്കം മുതല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും സിറാജ് മാനേജ്‌മെന്റും പുലര്‍ത്തിയ നിതാന്ത ജാഗ്രതയുടെ ഫലം കൂടിയാണ് ആറുമാസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker