ന്യൂഡല്‍ഹി: സ്വന്തം നഗ്നചിത്രങ്ങള്‍ കാണിച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി പാകിസ്ഥാനി സുന്ദരി സെജാല്‍ കപൂര്‍. 2015നും 2018നുമിടയില്‍ സെജാല്‍ 98 ആര്‍മി-നേവി-വ്യോമസേന ഉദ്യോഗസ്ഥരില്‍ നിന്ന്
ചോര്‍ത്തിയത് നിര്‍ണായക വിവരങ്ങളാണ്. സ്വന്തം നഗ്‌ന ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് വിസ്പര്‍ എന്ന മാല്‍വെയറിന്റെ സഹായത്തോടെയാണ് യുവതി ഈ ഉദ്യോഗസ്ഥരുടെ കമ്പ്യുട്ടറില്‍ കയറിക്കൂടിയത്. ഉത്തര്‍പ്രദേശിലെ ഭീകര വിരുദ്ധ സ്‌ക്വാഡ് ബ്രഹ്മോസ് സിസ്റ്റംസ് മിസൈല്‍ പ്രോജക്ട് എന്‍ജിനീയര്‍ നിഷാന്ത് അഗര്‍വാളിനെ അറസ്റ്റ് ചെയ്തതോടെയാണ് സെജാലിന്റെ ചാരപ്രവര്‍ത്തനത്തെ കുറിച്ച് വിവരം ലഭിച്ചത്. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് ബ്രഹ്മോസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും ഓഫീസര്‍മാരും അര്‍ധസൈനിക വിഭാഗത്തിലുള്ളവരും രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ പോലീസ് സേനയിലുള്ള 98 പേരും സെജാലിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. ഇന്ത്യന്‍ ഏജന്‍സി അന്വേഷണം നടത്തിയപ്പോള്‍ അന്വേഷണത്തില്‍ സെജാല്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചാറ്റുകള്‍ കണ്ടെടുത്തു. വിസ്പര്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അത് തുറക്കുമ്പോള്‍ ലഭിക്കുന്ന കോഡ് എനിക്കയച്ചു തരണം എന്നായിരുന്നു സെജാല്‍ സന്ദേശമയച്ചിരുന്നത്.
വിസ്പറിനെ കൂടാതെ ഗ്രാവിറ്റി റാറ്റ് എന്ന മാല്‍വെയറും സെജാല്‍ ഉപയോഗിച്ചിരുന്നു. ഈ മാല്‍വെയറുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കമ്പ്യുട്ടറില്‍ കയറുക എന്നതായിരുന്നു സെജാലിന്റെ ലക്ഷ്യം. ബ്രിട്ടണിലെ മാഞ്ചസ്റ്ററിലുള്ള ഗ്രോത്ത് കമ്പനിയില്‍ ജോലി ചെയ്യുന്നുവെന്നാണ് സെജാല്‍ ഫെയ്‌സ്ബുക്കില്‍ പ്രൊഫൈലില്‍ വ്യക്തമാക്കിയിരുന്നത്. അമേരിക്കയില്‍ വന്‍ തുക ശബളം ലഭിക്കുന്ന ജോലി നല്‍കാമെന്നായിരുന്നു നിഷാന്തിനോട് സെജാല്‍ പറഞ്ഞിരുന്നത്.