Home-bannerKeralaNews

സര്‍ക്കാരിന് ആശ്വാസം,സ്പ്രിംഗ്‌ളര്‍ വഴിയുള്ള വിവരശേഖരണം തുടരാം,ഡാറ്റ ചോരരുതെന്ന് മുന്നറിയിപ്പ്

കൊച്ചി: സിപ്രിംഗ്‌ളര്‍ ഡാറ്റാ ഇടപാടില്‍ സര്‍ക്കാരിന് ആശ്വാസം.കൊവിഡ് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശേഖരിയ്ക്കുന്ന ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് കൈമാറുന്നത് തടയാതെ ഹൈക്കോടതി.സര്‍ക്കാര്‍ കൈമാറുന്ന ഡാറ്റയുടെ രഹസ്യാത്മകത ഉറപ്പുവരുത്തുക,വാണിജ്യ ആവശ്യങ്ങള്‍ക്കായി ഡാറ്റ ഉപയോഗിയ്ക്കാതിരിയ്ക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളോടെയാണ് ഡാറ്റാ ശേഖരണം തുടരാന്‍ അനുവദിച്ചിരിയ്ക്കുന്നത്.വിവരങ്ങള്‍ ശേഖരിയ്ക്കുന്നതിന് വ്യക്തിയുടെ അനുമതി തേടണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇടക്കാല ഉത്തരവിലെ പ്രസക്തമായ ഭാഗങ്ങള്‍ ഇങ്ങനെ

1.കൊവിഡ് രോഗവുമായി ബന്ധപ്പെട്ട ഡാറ്റാശേഖരണത്തിന് വ്യക്തിയുടെ സമ്മതം വേണം
2.സര്‍ക്കാര്‍ ശേഖരിയ്ക്കുന്ന ഡാറ്റ ചോരരുത്
3.സര്‍ക്കാര്‍ നല്‍കുന്ന ഡാറ്റ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കരുത്
4.സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ അപഗ്രഥനത്തിന്‌ശേഷം സര്‍ക്കാരിന് നല്‍കണം
5.സ്പ്രിംഗ്ലര്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്തി പരസ്യം ചെയ്യരുത്‌
6.അജ്ഞാതത്വം ഉറപ്പ് വരുത്തിയിട്ടില്ലാതെ ഒരു പൗരന്റെയും ഡാറ്റ സ്പ്രിംഗ്‌ളര്‍ അപഗ്രഥനം ചെയ്യാന്‍ പാടില്ല
7.സര്‍ക്കാര്‍ ശേഖരിച്ച എല്ലാ ഡാറ്റയും അഞ്ജാതവല്‍ക്കരിയ്ക്കുകയും ഇനി ശേഖരിയ്ക്കുന്നവ അജ്ഞാതവത്ക്കരിച്ചശേഷമെ സ്പ്രിംഗ്ലറിന് നല്‍കാവൂ

ഡാറ്റാ വിവരശേഖരണം സംബന്ധിച്ച് നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നത് പോലെ കേരളത്തെ കോടതിയിലും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കന്‍ കമ്പനിയെ സമീപിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വിവരശേഖരണത്തിന് കേന്ദ്ര ഏജന്‍സി സജ്ജമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, കേന്ദ്രത്തെ കേരളം സഹായം തേടി സമീപിച്ചിരുന്നോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു കോടതിയുടെ മറുപടി. കേന്ദ്രം സഹായിക്കാന്‍ തയ്യാറാണെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ അതിന് ശ്രമിക്കുന്നില്ല എന്ന് കോടതി ചോദിച്ചു.

എന്തുകൊണ്ട് സ്പ്രിംക്‌ളറിനെത്തന്നെ കരാറിനായി തെരഞ്ഞെടുത്തു എന്നും, മറ്റൊരു ഏജന്‍സിയെയോ, കമ്പനികളെയോ പരിഗണിച്ചില്ല എന്നുമായിരുന്നു രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചത്. ഉച്ചയ്ക്ക് ശേഷവും സ്പ്രിംക്‌ളര്‍ കരാറില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം, സ്പ്രിംക്‌ളറുമായുള്ള കരാര്‍ സെപ്റ്റംബര്‍ വരെയാണെന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വാദത്തില്‍ കേരളം കോടതിയെ അറിയിച്ചു. സൗജന്യസേവനമാണ് സര്‍ക്കാരിന് നിലവില്‍ ലഭിക്കുന്നത്. അഞ്ച് മാസത്തേക്കാണ് നിലവില്‍ ഈ സേവനം സ്വീകരിക്കുന്നത്. എന്നാല്‍ ഇത് ആവശ്യമെങ്കില്‍ നീട്ടും. സെപ്റ്റംബര്‍ കഴിഞ്ഞാലും സ്പ്രിംക്‌ളറിന്റെ സേവനം ആവശ്യമാണെന്ന് മനസ്സിലാവുകയാണെങ്കില്‍ അത് തുടരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എങ്കില്‍ അത് ഇപ്പോഴേ ചെയ്തുകൂടേ എന്ന് കോടതി ചോദിച്ചു. അഞ്ച് മാസം കഴിഞ്ഞാല്‍ കമ്പനി സൗജന്യസേവനം തുടരുമോ അതോ പണം നല്‍കിയാണോ സേവനം തുടരുകയെന്നും കോടതി ആരാഞ്ഞു.

വ്യക്തികളുടെ പേരും വിലാസവും കമ്പനിക്ക് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒരാളുടെ വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തൂസൂക്ഷിക്കുന്നുണ്ട്. ഫോണ്‍ നമ്പര്‍ ആണ് ഒരാളുടെ യുണീക്ക് ഐഡിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതെങ്ങനെ ഒരാളുടെ ഫോണ്‍ നമ്പര്‍ കൊടുക്കാനാകും എന്ന് കോടതിയുടെ ചോദ്യം. അതും മാസ്‌ക് ചെയ്യാന്‍ സാധിക്കുമെന്നും, ആ വിവരങ്ങള്‍ കമ്പനിയുടെ പക്കലെത്തുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഉണ്ടാക്കിയ കരാറില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. അടിയന്തര സാഹചര്യം എന്നാല്‍ പ്രശ്‌നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി എന്തുകൊണ്ടാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. വിശ്വാസ്യത പരിഗണിച്ചാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സൈബര്‍ വിദഗ്ധയായ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും ലോകത്ത് ഈ കാര്യം ചെയ്യാന്‍ സ്പ്രിംക്ലര്‍ മാത്രമേ ഉള്ളോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഐടി സെക്രട്ടറി സ്വകാര്യ ചാനലില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് ശ്രദ്ധേയമായി.

ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇവയാണ്‌

1.എന്തുകൊണ്ട് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തു?
2.അമേരിക്കന്‍ കമ്പനിയാണ് ഡാറ്റ ശേഖരിക്കുന്നതെന്ന വിവരം ജനങ്ങളോട് മറച്ച് വച്ചോ ?

3.വിവര ചോര്‍ച്ച ഉണ്ടായോ ഇല്ലയോ എന്ന് പറയാന്‍ ആകുമോ

4.ഡാറ്റ ചോര്‍ച്ച ഉണ്ടാകില്ലെന്ന് എങ്ങനെ ഉറപ്പ് പറയും ?

5.ഏപ്രില്‍ 4 വരെ ഡാറ്റ ചോര്‍ന്നില്ല എന്ന് പറയാനാകുമോ?

6.മൂന്നാമതൊരു കക്ഷിയെ ഇതില്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കാഞ്ഞതെന്ത്? പല കമ്പനികളെ ഷോര്‍ട് ലിസ്റ്റ് ചെയ്യാതിരുന്നതെന്ത്?

7.ഐടി വകുപ്പ് നിയമ വകുപ്പിന്റെ അനുമതി തേടാത്തത് എന്തുകൊണ്ട് ?

8.അഞ്ച് ലക്ഷം പേരുടെ ഡാറ്റ ബിഗ് ഡാറ്റ ആകുന്നതെങ്ങനെ ?
ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ സംവിധാനങ്ങളില്ലേ ?

9.സ്പ്രംക്ലറിനെ കരാര്‍ ഏല്‍പ്പിക്കാന്‍ എന്തിനായിരുന്നു തിടുക്കം ?

10.അസാധാരണ സാഹചര്യങ്ങള്‍ പ്രശ്‌നം ഉണ്ടാക്കാനുള്ളതാണോ

11.ഇന്ത്യന്‍ ടെക്‌നോളജി എന്ത് കൊണ്ട് ഉപയോഗിച്ചില്ല ?

സര്‍ക്കാരിന്റെ മറുപടി

1.സ്വകാര്യത വിഷയത്തില്‍ കോടതിയുടെ അധികാര പരിധി പ്രശ്‌നം അല്ല

2.ഡാറ്റ ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാണ്

3.ആമസോണ്‍ ക്ളൗഡ് സെര്‍വറില്‍ ആണ് ഡാറ്റ ശേഖരിക്കുന്നത്

4.ഡാറ്റാ ചോര്‍ച്ച ഉണ്ടായാല്‍ ഇന്ത്യയില്‍ കേസ് കൊടുക്കാം

5.സ്പ്രിംക്ലര്‍ സൗജന്യ സേവനം നല്‍കാന്‍ തയാറായിരുന്നു

6.അടിയന്തര സാഹചര്യം ആണ് ഇത്തരം ഒരു നടപടിയിലേക്ക് പോകാന്‍ കാരണം

7.2018 ഐടി കോണ്‍ക്ലേവില്‍ സ്പ്രിംക്ലര്‍ ഉണ്ടായിരുന്നു

8.സ്പ്രിംക്ലര്‍ തെരഞ്ഞെടുപ്പ് ഐടി കോണ്‍ക്ലേവിലെ പരിചയം വച്ച്

9.ഐടി സെക്രട്ടറി ചാനലില്‍ പറഞ്ഞ ചില കാര്യങ്ങള്‍ അംഗീകരിക്കുന്നില്ല

10.സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തത് വിശ്വാസ്യത പരിഗണിച്ച്

കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഡാറ്റാ കൈമാറ്റം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നുത് വ്യക്തമല്ല. കരാര്‍ നല്‍കാന്‍ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. ആശാ വര്‍ക്കര്‍മാര്‍ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിംക്ലറില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ കരാര്‍ പോലും ഇല്ലായിരുന്നു എന്നും രമേശ് ചെന്നിത്തലക്ക് വേണ്ടി അഭിഭാഷന്‍ കോടതിയില്‍ പറഞ്ഞു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്‌നമെന്നും കരാര്‍ റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്റെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker