കണ്ണൂരിലെ സ്‌കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു; പീഡന വിവരം പുറത്ത് വന്നത് കൗണ്‍സിലിംഗിനിടെ
കണ്ണൂര്‍: പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. ആരോപണ വിധേയനായ അദ്ധ്യാപകനെ സ്‌കൂള്‍ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തു. പരാതി ജില്ലാ ശിശു വനിതാ ക്ഷേമ വിഭാഗം പോലീസിന് കൈമാറി.
കായികാദ്ധ്യാപകനില്‍ നിന്നു നിരന്തരം ശാരീരിക പീഡനം നേരിടുന്നതായി കൗണ്‍സിലിംഗില്‍ എട്ടിലധികം വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് പുറമേ ജില്ലാ ലീഗല്‍ അതോറിറ്റിയും ശിശുവനിതാ ക്ഷേമ ജില്ലാ വിഭാഗം അധികൃതരും ചേര്‍ന്ന് 200 ലധികം വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയത്. ഇതിനിടയിലായിരുന്നു വിദ്യാര്‍ത്ഥിനികളുടെ തുറന്നു പറച്ചില്‍.
അതേസമയം നേരത്തേയും അദ്ധ്യാപകനെതിരേ ആരോപണവും പരാതിയും ഉയര്‍ന്നതാണെങ്കിലും സ്‌കൂള്‍ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളും പരാതിയുമായി എത്തിയതോടെയാണ് കൗണ്‍സിലിംഗ് നടത്തിയത്. ലീഗല്‍ അതോറിറ്റി പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷം അദ്ധ്യാപകനെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.