CrimeKeralaNews

‘സ്‌പൈഡർമാൻ ബാഹുലേയൻ’പിടിയില്‍ വീടുകളിൽ വലിഞ്ഞുകയറും, വാതിൽ തുറന്നുകിടന്നാലും ജനൽ പൊളിക്കും

തിരുവനന്തപുരം: നഗരത്തിലെ മോഷണക്കേസില്‍ വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ‘സ്‌പൈഡര്‍മാന്‍ ബാഹുലേയന്‍’. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെ(56) തമിഴ്‌നാട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തമിഴ്‌നാട് പോലീസ് പിടികൂടിയ ഇയാളെ വഞ്ചിയൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കൃത്യം ഒരുവര്‍ഷം മുന്‍പും ബാഹുലേയനെ വഞ്ചിയൂര്‍ പോലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ഈ കേസില്‍ അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ചിരുന്ന പ്രതി നാലുമാസം മുന്‍പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്.

സ്‌പൈഡര്‍മാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് സ്‌പൈഡര്‍മാന്‍ എന്ന വിളിപ്പേരുണ്ടായത്. സ്‌പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ രീതി. ഇനി വീടിന്റെ വാതില്‍ തുറന്നുകിടന്നാലും ‘സ്‌പൈഡര്‍മാന്‍’ ബാഹുലേയന്‍ അതുവഴി അകത്തുകടക്കില്ല. പകരം അല്പം റിസ്‌കെടുത്ത് ജനല്‍കമ്പി ഇളക്കി അതിനിടയിലൂടെയാകും വീടിനുള്ളില്‍ പ്രവേശിക്കുക.

കേരളത്തിലെ 14 ജില്ലകളിലും കറങ്ങിനടന്ന് മോഷണം നടത്തുന്നയാളാണ് ബാഹുലേയന്‍. സ്വര്‍ണാഭരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും തുണികളുമടക്കം കൈയില്‍ കിട്ടുന്നതെന്തും ഇയാള്‍ മോഷ്ടിക്കും. നേരത്തെ വഞ്ചിയൂരിലെ ഒരു വീട്ടില്‍നിന്ന് പത്ത് കുപ്പി മദ്യവും മോഷ്ടിച്ചിരുന്നു.

തുടര്‍ച്ചയായ മോഷണത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് ഇയാളുടെ പതിവ്. തമിഴ്‌നാട്ടിലെ മധുരയിലും കന്യാകുമാരിയിലും ബാഹുലേയന് ഒളിയിടങ്ങളുണ്ട്. മോഷണമുതല്‍ തമിഴ്‌നാട്ടില്‍ വിറ്റഴിച്ചശേഷം ഇവിടങ്ങളില്‍ ആഡംബരജീവിതം നയിക്കും. പണം തീര്‍ന്നാല്‍ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറയുന്നു.

ബാഹുലേയന്റെ മോഷണരീതിയും വേഷവുമാണ് സ്പൈഡര്‍മാന്‍ എന്ന പേരു നേടിക്കൊടുത്തത്. സ്പൈഡര്‍മാന്റെ വേഷത്തോടു സാമ്യമുള്ള വസ്ത്രം ധരിച്ചാണ് മോഷണം. ഫുള്‍കൈ ടീ ഷര്‍ട്ട്, മുഖംമൂടി, കാലിലും കൈയിലും സോക്‌സ് എന്നിവ ധരിച്ചാണ് മോഷണത്തിനിറങ്ങുന്നത്.

വീടിനകത്ത് കടക്കുന്നതിനും സ്വന്തമായ രീതിയുണ്ട്. വീടുകളുടെ വെന്റിലേറ്ററിന്റെ കമ്പി വളച്ചാണ് അകത്ത് കടക്കുന്നത്. കമ്പികള്‍ വളച്ച ചെറിയ സ്ഥലം മതി ബാഹുലേയന് അകത്തു കടക്കാന്‍. എക്സ്ഓസ്റ്റ് ഫാന്‍, ജനല്‍ക്കമ്പികള്‍ എന്നിവയുടെ കമ്പികള്‍ മാറ്റിയും അകത്തു കടക്കും. അകത്തു കടക്കാന്‍ മറ്റ് എളുപ്പവഴികളുണ്ടായിരുന്നാലും ബാഹുലേയന്‍ സ്വന്തംരീതി തന്നെ പിന്തുടരും.

ഈ വേഷവിധാനം കാരണം ഇയാളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിക്കാറില്ല. 20-ഓളം കേസുകളില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കുപ്രസിദ്ധ ക്രിമിനലുകളായ ബാറ്ററി നവാസിന്റെയും ബ്രൂസ്‌ലി ബിജുവിന്റെയും കൂട്ടാളിയാണെന്നും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker