തിരുവനന്തപുരം: കേരളത്തിന് മൂന്ന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചേക്കും. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഡല്‍ഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളുമാണ് അനുവദിക്കാന്‍ സാധ്യത.
ഈ ട്രെയിനുകള്‍ അടുത്ത ആഴ്ച മുതല്‍ സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. രാജ്യത്ത് 86 പ്രത്യേക തീവണ്ടികള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിനകത്ത് ഓടുന്ന ജനശതാബ്ദിയും വേണാടും റദ്ദാക്കിയിരുന്നു. ഈ തീരുമാനവും വിവാദമായി. പരാതിയെ തുടര്‍ന്ന് റദ്ദാക്കല്‍ പിന്‍വലിച്ചെങ്കിലും പുതിയ തീവണ്ടികള്‍ അനുവദിച്ചിരുന്നില്ല.
സംസ്ഥാനം ആവശ്യപ്പെടുകയും 25 ശതമാനത്തിലേറെ യാത്രക്കാരുണ്ടാവുകയും ചെയ്താല്‍ കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാമെന്ന നിലപാടിലാണ് റെയില്‍വേ. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ തീവണ്ടികള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കാമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.
കേരളത്തില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികള്‍ കാലിയായി ഓടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പല തീവണ്ടികളിലും എ.സി. കോച്ചുകളിലൊഴികെയുള്ള റിസര്‍വേഷന്‍ നില, വെയിറ്റിങ് ലിസ്റ്റിലേക്ക് പോകുന്നുണ്ട്.