കോട്ടയം: തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജാതീയതയുടെ പ്രതിഫലനമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് സമൂഹമാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.
തൃശൂര്‍ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ആരോ ഒരാള്‍ എടുത്ത ചിത്രം വളരെ വേഗത്തില്‍ പ്രചരിക്കുകയായിരിന്നു. ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
വിഷയത്തില്‍, പുറപ്പെടാ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ പുറപ്പെടാ ശാന്തി എന്ന് ബോര്‍ഡ് വെക്കാമായിരുന്നു എന്നും എന്തുകൊണ്ട് ബ്രാഹ്മണര്‍ എന്ന് ബോര്‍ഡ് വെച്ചു എന്ന മറുചോദ്യവും ഉയരുന്നുണ്ട്.