CrimeKeralaNewsTrending

സൗമ്യയെ വേട്ടയാടുന്നവര്‍ ഇതു കൂടി വായിക്കണം,വൈറലായി യുവാവിന്റെ കുറിപ്പ്‌

കൊച്ചി: മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ സൗമ്യയെ ക്രൂരമായി പരിഹസിച്ചുള്ള സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നതിനെ വളരെ വികലമായ രീതിയില്‍ ആണ് ചിലര്‍ പരിഹസിക്കുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നതെന്ന സന്ദീപ് ദാസ് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

സന്ദീപ് ദാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കൊലപാതകം മാവേലിക്കരയില്‍ നടന്നിട്ടുണ്ട്. സിവില്‍ പൊലീസ് ഓഫീസറായ സൗമ്യയെ പൊതുസ്ഥലത്തുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു ! ക്രൂരവും പൈശാചികവുമായ ഈ കൃത്യം നടപ്പിലാക്കിയത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് !

അതിനുപിന്നാലെ ചില മാദ്ധ്യമങ്ങള്‍ സൗമ്യയും അജാസും തമ്മില്‍ ‘അടുപ്പത്തിലായിരുന്നു എന്നും കൊലപാതകത്തിന്റെ കാരണം വ്യക്തിവൈരാഗ്യമാണെന്നും എഴുതി.അതോടെ കൊലപാതകിയെ ന്യായീകരിക്കുന്ന കമന്റുകള്‍ യഥേഷ്ടം വന്നുതുടങ്ങി ! ”കാമം തീര്‍ക്കാന്‍ ഭര്‍ത്താവിനെ ചതിച്ച് അന്യന് കിടക്കവിരിച്ച് കൊടുത്ത ഇവള്‍ ഇത് അര്‍ഹിക്കുന്നു” എന്നാണ് ഒരാള്‍ എഴുതിയത് !

ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് ! ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം.പെണ്ണിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികള്‍ !

സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകള്‍ വളരെയേറെ സങ്കുചിതമാണ്.ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ല എന്ന പിന്തിരിപ്പന്‍ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകള്‍ ഇവിടെ തകര്‍ത്തോടിയിട്ടുണ്ട്.അവനും അവളും സ്‌നേഹത്തോടെ പരസ്പരം പെരുമാറിയാല്‍,അതിനെ ‘വഴിവിട്ട’ ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്.

വിവാഹിതനായ ഒരു പുരുഷന് തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകയോടൊപ്പം സിനിമാ തിയേറ്ററിലും പാര്‍ക്കിലുമൊക്കെ ധൈര്യമായി പോകാന്‍ സാധിക്കുമോ? ഒരിക്കലുമില്ല.അങ്ങനെ ചെയ്യാന്‍ നമ്മുടെ ‘സംസ്‌കാരം’ അനുവദിക്കുന്നില്ല.കലര്‍പ്പില്ലാത്ത സൗഹൃദമാണെങ്കില്‍പ്പോലും സമൂഹം അതില്‍ അവിഹിതം മാത്രമേ കാണുകയുള്ളൂ.

എന്റെയൊരു തോന്നല്‍ പറയാം.കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം.പ്രണയമെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുംവിധമുള്ള ഗാഢമായ സൗഹൃദം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം.അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോള്‍ സൗമ്യ അടുപ്പത്തിന് ഫുള്‍സ്റ്റോപ്പിട്ടതാകാം.അതല്ലെങ്കില്‍ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.

അവര്‍ക്കിടയില്‍ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും,അത് പറയാന്‍ സൗമ്യ ജീവിച്ചിരിപ്പില്ല.സൗമ്യയുടെ വേര്‍ഷന്‍ കേള്‍ക്കാനുള്ള അവസരം നമുക്കില്ല.അത് കേള്‍ക്കാനായാല്‍ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തില്‍ മാറിപ്പോയേക്കാം.

‘ദേവാസുരം’ എന്ന സിനിമ കണ്ട പ്രേക്ഷകരെല്ലാം മംഗലശ്ശേരി നീലകണ്ഠനെ നെഞ്ചിലേറ്റുകയും മുണ്ടയ്ക്കല്‍ ശേഖരനെ വെറുക്കുകയും ചെയ്തുവല്ലോ.സിനിമ നീലകണ്ഠന്റെ പക്ഷം പിടിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്.അതേ കഥ ശേഖരന്റെ വീക്ഷണകോണിലൂടെ പറഞ്ഞാല്‍ നീലകണ്ഠനാണ് വില്ലനെന്ന് തോന്നും !

മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്ത അജാസ് എന്ന ക്രിമിനലിന്റെ പോയിന്റ് ഓഫ് വ്യൂ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.നാം അത് വിഴുങ്ങേണ്ടതുണ്ടോ?

ഇനിയിപ്പോള്‍ സൗമ്യയും അജാസും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നുതന്നെ ഇരിക്കട്ടെ.എങ്ങനെയാണ് അത് കൊലപാതകത്തിനുള്ള ന്യായീകരണമാകുന്നത്? സ്വന്തം വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഈ ഗതി വന്നാല്‍ ന്യായീകരണത്തൊഴിലാളികള്‍ ഈ രീതിയില്‍ത്തന്നെ പ്രതികരിക്കുമോ?

പ്രണയിനിയെ നിഷ്‌കരുണം വഞ്ചിച്ച എത്രയെത്ര പുരുഷന്‍മാരാണ് ഈ നാട്ടില്‍ സുഖമായി ജീവിക്കുന്നത് ! അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പെട്രോളുമെടുത്ത് ഇറങ്ങുന്നത് കണ്ടിട്ടുണ്ടോ?

ഉത്തരേന്ത്യയിലെ ആസിഡ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കേരളത്തില്‍ ഇതൊന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്നു.മലയാളികള്‍ വിദ്യാസമ്പന്നരാണല്ലോ ! പക്ഷേ മനുഷ്യനെ പച്ചയ്ക്ക് കത്തിക്കാന്‍ മലയാളികള്‍ക്ക് ഒരു മടിയുമില്ല എന്ന കാര്യം പലവട്ടം തെളിഞ്ഞുകഴിഞ്ഞു.

വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണിത്.ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി നിയമിക്കപ്പെട്ട പൊലീസുകാരനാണ് ഇതുപോലൊരു കുറ്റം ചെയ്തത്.അതില്‍നിന്നുതന്നെ ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിയാനാകും.

കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിക്കാതിരിക്കുക എന്ന സാമാന്യ മര്യാദയാണ് ആദ്യം പാലിക്കേണ്ടത്.മറ്റൊരാള്‍ക്കുകൂടി കുറ്റംചെയ്യാനുള്ള നിശബ്ദപ്രേരണയാണ് അത്തരം പ്രസ്താവനകള്‍.

‘നോ’ പറയാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന വസ്തുത പുരുഷന്‍മാര്‍ പലപ്പോഴും മനസ്സിലാക്കാറില്ല.ഒരു പെണ്‍കുട്ടിയോട് ഒരു പുരുഷന് ഇഷ്ടം തോന്നിയാല്‍,അവള്‍ അയാളെ നിര്‍ബന്ധമായും വിവാഹം കഴിക്കണം എന്ന പിടിവാശി വെച്ചുപുലര്‍ത്തുന്നവരുണ്ട്.വിവാഹം കച്ചവടമായി മാറുന്ന നാടാണ്.അതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ക്ക് മിക്കപ്പോഴും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകാറില്ല.

നമ്മുടെ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ പഠിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഒരു റിലേഷനില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യസ്ഥാനമാണ്.അവരില്‍ ഒരാള്‍ക്ക് ആ ബന്ധം തുടരാന്‍ താത്പര്യമില്ലെങ്കില്‍,അത് അവിടെവെച്ച് അവസാനിപ്പിക്കുക.അല്ലാതെ പുരുഷന് പ്രത്യേക പരിഗണനയൊന്നുമില്ല.അസന്തുഷ്ടിയോടെ ഒന്നിച്ചുനിന്നാലും തീവെച്ച് കൊന്നാലും ഇരുപക്ഷത്തും നഷ്ടങ്ങള്‍ മാത്രമേ സംഭവിക്കുകയുള്ളൂ.

മനശാസ്ത്രപരമായ ഒരു പ്രശ്‌നമാണിത്.പൂര്‍ണ്ണമായും തുടച്ചുനീക്കണമെങ്കില്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്.ആ ഉത്തരവാദിത്വത്തില്‍നിന്ന് നമുക്കാര്‍ക്കും ഒളിച്ചോടാനാവില്ല.

എല്ലാം മറക്കാം.മരിച്ച സൗമ്യയ്ക്ക് ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ട്.ആ കുടുംബത്തിന് ഒറ്റനിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.ഒരു കുടപോലുമില്ലാതെ അവര്‍ പെരുമഴയത്ത് നില്‍ക്കുകയാണ്.അവരെ ഓര്‍ത്തെങ്കിലും സൗമ്യയെ വെറുതെവിട്ടുകൂടേ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker