കൊച്ചി:സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രശസ്തരാണ് നടൻ ആര്യനും സാഹിത്യകാരിയായ സൗമ്യയും.ഇരുവരും ഒന്നായത് രണ്ടാം വിവാഹത്തിലൂടെയാണ്. ഇരുവരും തമ്മിലുള്ള ജീവിതത്തേക്കുറിച്ച് സൗമ്യയുടെ കുറിപ്പ് വൈറലായി മാറിയിരിയ്ക്കുകയാണ്.
കുറിപ്പിൻ്റെ പൂർണ്ണ രൂപമിങ്ങനെ
വിവാഹ ബന്ധം വേർപ്പെടുത്തി അധികം താമസിയാതെ തന്നെയാണ് ആര്യനെ വിവാഹം കഴിക്കുന്നത്. ഡിവോഴ്സ് നേടി അധികമാവുംമുമ്പെ ആര്യനെ വീട്ടിൽ പരിചയപ്പെടുത്തിയത് വീട്ടുകാർക്കൊരു ഞെട്ടലായിരുന്നു. രണ്ടാം വിവാഹത്തിനൊരുമ്പെടുന്ന ഞാൻ പരിചയപ്പെടുത്തുന്നത് എന്നേക്കാൾ പ്രായവും വേറെ കുട്ടികളുമുള്ള ഒരു പെരുത്ത മനുഷ്യനായിരിക്കും എന്ന് പ്രതീക്ഷിച്ച അച്ഛനും അമ്മയ്ക്കും വീണ്ടും തെറ്റി. ഒരു സാധു മുഖവുമായി ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന കൊച്ചുപയ്യനെ ഒരു കുട്ടിയുള്ള ഞാൻ കെട്ടുന്നത് അവരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കി.
അഞ്ചു വയസ്സുള്ള മോളുണ്ടായിരിക്കെ എന്റെ തന്നിഷ്ടപ്രകാരമുള്ള ഡിവോഴ്സ്, അതു കഴിഞ്ഞ് ആറ് മാസം തികയും മുമ്പെ എന്നേക്കാൾ അഞ്ച് വയസ്സിനു ഇളയതായ ആളുമായുള്ള വിവാഹം…അങ്ങനെയങ്ങനെ എന്നെ തേജോവധം ചെയ്യാൻ ബന്ധുക്കൾക്കും പൊതുസമൂഹത്തിനു കാരണങ്ങളേറെയുണ്ടായിരുന്നു. പക്ഷെ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നു. സാമൂഹിക സമ്മർദ്ദങ്ങളിൽപ്പെട്ട് മക്കളുടെ തീരുമാനത്തിനൊപ്പം നിൽക്കാത്ത കാഴ്ചകളാണ് പൊതുവെ സമൂഹത്തിൽ നാം കാണുന്നതെങ്കിലും അവരെനിക്ക് സർവ്വ പിന്തുണയും നൽകി. കാരണം ആദ്യ വിവാഹ ബന്ധം വേർപ്പെടുത്താനിടയായ കാരണമവർക്കറിയാമായിരുന്നു.
അച്ഛനും അമ്മയും പറഞ്ഞത് കേൾക്കാതെ പ്രണയ വിവാഹം ചെയ്തിട്ട് ഇപ്പോ ബന്ധം വേർപ്പെടുത്താൻ ദാമ്പത്യം കുട്ടിക്കളിയാണോഎന്ന് ചോദിച്ചവരുണ്ട് (എത്ര ടോക്സിക് റിലേഷനാണെങ്കിലും പ്രണയവിവാഹമാണെങ്കിൽ അതിൽ ഒട്ടിപ്പിടിച്ചു നിൽക്കണമെന്ന് സാരം). എന്ത്കണ്ടിട്ടാണ് മകളുടെ തോന്ന്യാസത്തിന് കൂട്ട് നിൽക്കുന്നതെന്ന് അവർ ചോദിച്ചു. സ്വന്തം മക്കൾ വഴിതെറ്റുമെന്ന് പേടിച്ച് ബന്ധുക്കൾ അവരുടെ പെൺമക്കളിൽ നിന്നെന്നെ മാറ്റിനിർത്തി. തീർത്തും വേദനാജനകമായിരുന്നു ആ നാളുകൾ. എനിക്കവരോട് എന്റെ സങ്കടങ്ങൾ തുറന്നു പറയണമെന്നുണ്ടായിരുന്നു. അവരാരും ഒരിക്കൽ പോലും എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല. നിലവിൽ ഒരു കുട്ടിയുണ്ടായിരിക്കെ (അതും പെൺകുട്ടി) എങ്ങനെയാണ് മറ്റൊരു കല്ല്യാണത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നതെന്നായിരുന്നു അവരുടെയെല്ലാം ചോദ്യം. എന്നോടുള്ള സകല ബന്ധവും വിഛേദിക്കാൻ അവർക്കാ കാരണം ധാരാളമായിരുന്നു.
അഞ്ച് വയസ്സിനു മൂത്ത ഒരു സ്ത്രീയെ വിവാഹം കഴിച്ചതിൽ, അതും ഒപ്പം അഞ്ച് വയസ്സുള്ള ഒരു കുട്ടി കൂടിയുള്ള സ്ത്രീയെ ജീവിത പങ്കാളിയാക്കിയതിൽ ആര്യനും കേൾക്കേണ്ടി വന്നു പഴികൾ. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മോളെ ഒപ്പം കൂട്ടിയിരുന്നില്ല. ക്രൂരയായ ഒരമ്മ ചിത്രം എന്നെക്കുറിച്ചുണ്ടാക്കാൻ പലർക്കും അത് ധാരാളമായിരുന്നു.
ആദ്യഭർത്താവിനോടൊപ്പം ദുബായിലായിരുന്നു എന്റെ ജീവിതം. അവിടെ മോൾ ഇംഗ്ലീഷും അറബിയുമാണ് പഠിച്ചത്. പിന്നീട് വിവാഹബന്ധത്തിൽ നിന്ന് പുറത്തുകടന്ന് ബെംഗളൂരുവിലേക്ക് വന്നപ്പോൾ മോൾക്ക് അറബി ഒഴിവാക്കി കന്നട പഠിക്കേണ്ടി വന്നു. അതിനിടക്കാണ് ആര്യനെ വിവാഹം ചെയ്യുന്നത്. കേരളത്തിൽ വന്ന് പൊടുന്നനെയുള്ള സ്കൂൾ മാറ്റത്തിനും ഭാഷാ മാറ്റത്തിനും പറ്റിയ സാഹചര്യത്തിലായിരുന്നില്ല മോൾ. അങ്ങനെയാണ് ഏതാനും മാസം മോളെ അച്ഛന്റെയും അമ്മയുടെയും കൂടെ നിർത്തിയത്. എറണാകുളത്ത് വീടെടുത്ത് സെറ്റിലായ ശേഷമാണ് മോളെയും കൂടെ കൂട്ടുന്നത്. മോളെ മൂന്ന് മാസക്കാലം മാറ്റിനിർത്തിയപ്പോഴേക്കും പലർക്കും ഞാനൊരു മോശം അമ്മയായി ( അവളെയും എടുത്ത ഞാൻ ആത്മഹത്യചെയ്യുന്നതായിരിക്കും അവരെ സംബന്ധിച്ച് മഹത്വകരം).
ഇത്രയും കാലം മോളുടെ പഠനത്തിന്റെ ചിലവോ അവളെ ഒന്ന് വിളിക്കുകയോ പോലും ചെയ്യാത്ത എന്റെ ആദ്യഭർത്താവ് അപ്പോഴും ചിലർക്ക് സഹതപിക്കാനുള്ള കഥാപാത്രവും ഞാൻ കഥയിലെ വില്ലത്തിയുമായി.എനിക്കൊപ്പം നിന്ന അച്ഛനമ്മമാരെ വരെ ചില ബന്ധുക്കളും അയൽവാസികളും എന്റെ തീരുമാനങ്ങളുടെ പേരിൽ ഒറ്റപ്പെടുത്തി. അതെല്ലാം അതീവ വേദനാജനകമായ അനുഭവങ്ങളായിരുന്നു.
ചെറുപ്പക്കാരനായ ഒരാളെ കല്ല്യാണം കഴിക്കുന്നത് മോളുടെ സുരക്ഷയ്ക്ക് ഭീഷണിയാവും എന്ന തരത്തിലുള്ള ഭീഷണികളും മുന്നറിയിപ്പുകളും പലരിൽ നിന്നുമുണ്ടായി. അവരറിയുന്നുണ്ടോ 14 വയസ്സുള്ള എന്റെ മകളുടെ ഏറ്റവും നല്ല സുഹൃത്ത് ഇന്ന് ആര്യനാണെന്ന്-(സിനിമകളത്രയും രണ്ടാനച്ഛനെയും രണ്ടാനമ്മയെയും മനുഷ്യപറ്റുള്ളവരായി ചിത്രീകരിച്ച ചരിത്രമില്ലല്ലോ). മൂന്ന് പേരുണ്ടായിരുന്ന ഞങ്ങളുടെ കുടുംബം ഇന്ന് അഞ്ചായി വലുതായി. മോൾക്ക് രണ്ട് കുഞ്ഞനുജത്തികളും പിറന്നു. സകല ടാബൂകളെയും തകർത്തുള്ള ഞങ്ങളുടെ ദാമ്പത്യത്തിന് ഏഴ് വർഷമായി.
എന്റേതും ആര്യന്റേതും രണ്ടാം വിവാഹമായിരുന്നു. ഞങ്ങളുടെ വിവാഹത്തെ കുറ്റപ്പെടുത്തിയവരെല്ലാം ഞങ്ങളുടെ തീരുമാനത്തിൽ ഇന്ന് സന്തോഷിക്കുന്നവരാണ്. അകന്നു നിന്ന പല കുടുംബങ്ങളും ഇന്ന് അടുത്ത് തുടങ്ങി. വയസ്സിന്റെ അന്തരവും പെൺകുട്ടിയുണ്ടായിരിക്കെ വീണ്ടും വിവാഹം ചെയ്തതും വിവാഹബന്ധം വേർപ്പെടുത്തി അധികം താമസിയാതെ തന്നെ മറ്റൊരാളെ വിവാഹം ചെയ്തതും പ്രശ്നമായിരുന്നവരെല്ലാം ഇന്ന് ഞങ്ങളുടെ പരസ്പര ബഹുമാനമുള്ള ബന്ധത്തെ കുറിച്ച് വാചാലരായിത്തുടങ്ങി.
ഞങ്ങളുടെ കൈലാസം വീട്ടിൽ ആണിനൊരു റോൾ പെണ്ണിനൊരു റോൾ എന്നൊന്നില്ല. രണ്ടുപേരും പാചകം ചെയ്യാറുണ്ട്. രണ്ട് പേരും വീട് വൃത്തിയാക്കാറുണ്ട്, രണ്ട് പേരും കുട്ടികളെ കുളിപ്പിക്കാറുമുണ്ട്. ചെറുതായൊക്കെ പണ്ടെഴുതുമായിരുന്നെങ്കിലും ബന്ധത്തിൽ എനിക്കർഹിക്കുന്ന സ്പേസ് ലഭിച്ചതുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യമേഖലയിലേക്ക് എനിക്ക് ഗൗരവമായി തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനായത്. ചില ഓൺലൈൻ മാസികകളിലും കവിതകളെഴുതാറുണ്ട്. ഒരു നോവൽ പൂർത്തീകരിച്ചിട്ടധികമായില്ല. ഉടനെതന്നെ അച്ചടി മഷി പുരളുമെന്നാണ് പ്രതീക്ഷ. സിനിമ സബ്ടൈറ്റിലിങ്, കോപ്പിറൈറ്റിങ് കോപ്പിഎഡിറ്റിങ് എന്നീ മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
എങ്കിലും ഇപ്പോഴും ഗൂഗിളിൽ ചെന്ന് സൗമ്യ വിദ്യാധർ എന്ന് സെർച്ച് ചെയ്തൽ ആദ്യം കാണുന്നത്- സൗമ്യ വിദ്യാധറിന്റെ ആദ്യഭർത്താവാര്, സൗമ്യ വിദ്യാധറിന്റെ വയസ്സെത്രയാണ് എന്നെല്ലാമാണ്. ചിലരങ്ങനെയാണ് കാലമെത്ര പുരോഗമിച്ചാലും സ്വയം വേലികെട്ടി കാലഘട്ടത്തിനൊത്തു ജീവിക്കാതെ വലിഞ്ഞുമുറുകുന്നവരാണവർ. വയസ്സും ജാതിയും മതവും നോക്കാതെ സ്നേഹത്തിനും സൗഹൃദത്തിനും പരസ്പര ബഹുമാനത്തിനും ഊന്നൽ നൽകിയുള്ള ജീവിതം, അതനുഭവിച്ചാലേ അതിന്റെ സ്വസ്ഥതയും സുഖവും മനസ്സിലാക്കാൻ കഴിയൂ..ഇനിയും നിങ്ങൾ സെർച്ച് ചെയ്ത് കഷ്ടപ്പെടണമെന്നില്ല. ഞാൻ 40ലേക്ക് കടന്നു. 35 ആണ് ആര്യന്റെ പ്രായം.