പതിയെ അയാളുടെ നോട്ടവും സംസാരവും ഒക്കെ ശരീരത്തെ പറ്റിയായി; തകര്‍ന്ന ആദ്യ പ്രണയത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്
നടി താര കല്യാണിന്റെയും നടന്‍ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. അര്‍ജുനും ഒരുമിച്ചുള്ള സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അര്‍ജുന്‍ അഭിനയരംഗത്തേക്കും ചുവടു വെച്ചിരുന്നു. തന്റെ പഴയ പ്രണയത്തെക്കുറിച്ചുള്ള സൗഭാഗ്യയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരിന്നുവെന്നും പക്ഷെ അത് വന്‍പരാജയത്തിലാണ് കലാശിച്ചതെന്നുമാണ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൗഭാഗ്യ തുറന്ന് പറഞ്ഞത്.
”ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മനോടായിരുന്നു ആദ്യ പ്രണയം. ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായത്. എന്നാല്‍ പ്രണയം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എല്ലാം ഓരോന്നായി കൈവിട്ട് തുടങ്ങി. ഒരു ലവര്‍ എന്നതിന് ഉപരി എന്നോട് ഓരോ നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. ഫേസ്ബുക്ക്, വാട്സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ മാത്രം ഉള്ളിടത്ത് പഠിച്ച എനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു. എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.
എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്നേഹിച്ചിട്ടും പിന്നീടും ഉത്തരവുകള്‍ പിന്നാലെ വന്നു കൊണ്ടിരുന്നു. അച്ഛന്‍ അമ്മ തുടങ്ങിവരുടെ ഒപ്പം എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ പോലും അയാളുടെ അനുവാദം വേണമെന്ന സ്ഥിതിയായി. അനുസരിക്കുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും ഉത്തരവുകള്‍ വന്ന് തുടങ്ങി. പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നു. തടിച്ചിയാണ്, സൗന്ദര്യമില്ല, ചില ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂ തുടങ്ങി സര്‍വത്ര നിയന്ത്രണങ്ങള്‍ അയാള്‍ കൊണ്ട് വരാന്‍ തുടങ്ങി. അവസാനം സ്ത്രീധനത്തെപ്പറ്റിയും സംസാരിക്കാന്‍ തുടങ്ങിയതോടെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു” സൗഭാഗ്യ പറയുന്നു.