സോള്‍: കഴിഞ്ഞയാഴ്ച രാജ്യത്ത് പട്ടാള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് പരാജയപ്പെട്ട ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്തു. 300 എംപിമാരില്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി.
ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.
അതിനിടെ, ദക്ഷിണകൊറിയയുടെ പോലീസ് മേധാവി ചൊ ജി ഹൊയെയും നീതിന്യായമന്ത്രി പാര്‍ക്ക് സങ് ജേയെയും പാര്‍ലമെന്റ് വ്യാഴാഴ്ച ഇംപീച്ച് ചെയ്തിരുന്നു. പട്ടാള നിയമപ്രഖ്യാപനത്തിലും പാര്‍ലമെന്റിലെ സേനാ വിന്യാസത്തിലും ഇരുവര്‍ക്കുമുള്ള പങ്ക് പരിഗണിച്ചാണ് നടപടി.