
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തോടെ ആരംഭിച്ചതെക്ക്- വടക്ക് താരതമ്യ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. ‘തെക്കും വടക്കും ഒന്നാണെന്ന’ കുറിപ്പോടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കൊപ്പമുള്ള ചിത്രമാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തെക്കന്‍കേരളത്തെ ഇകഴ്ത്തിക്കൊണ്ടുള്ള കെ സുധാകരന്റെ വിവാദ പരാമര്‍ശം. തെക്കന്‍കേരളത്തിന് മുകളിലൂടെ പോയപ്പോള്‍ ലക്ഷ്മണന് അധമചിന്തയുണ്ടായെന്നും അത് ആ പ്രദേശത്തിന്റെ കുഴപ്പമാണെന്ന് രാമന്‍ അഭിപ്രായപ്പെട്ടുവെന്നുമാണ് തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യപ്പെടുത്തി സുധാകരന്‍ പറഞ്ഞ കഥ.
‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രത്തിലെ അഭിമുഖം വിവാദമായതോടെ സുധാകരന്‍ കഥ പിന്‍വലിച്ചു. കുട്ടിക്കാലത്ത് കേട്ട, മലബാറില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രതികരിച്ചു.