T20 WORLD CUP:അവസാന ഓവര്‍ ത്രില്ലര്‍ വീണ്ടും,ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി. കില്ലര്‍ മില്ലറുടെയും എയ്‌ഡന്‍ മാര്‍ക്രമിന്‍റേയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി ദക്ഷിണാഫ്രിക്ക നേടി. മില്ലര്‍ 46 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെനിന്നു.
നേരത്തെ നാല് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയും മൂന്ന് പേരെ പുറത്താക്കിയ വെയ്‌ന്‍ പാര്‍നലും ഇന്ത്യയെ 20 ഓവറില്‍ 9 വിക്കറ്റിന് 133 എന്ന സ്കോറിലൊതുക്കിയിരുന്നു. മുന്‍ മത്സരങ്ങളില്‍ പാകിസ്ഥാനെയും നെതര്‍ലന്‍ഡ്‌സിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് ജയിച്ചിരുന്നെങ്കില്‍ സെമി ഏതാണ്ട് ഉറപ്പിക്കാമായിരുന്നു.
ടോസ് നേടി ബാറ്റിംഗിനിറങ്ങി തുടക്കത്തില്‍ പതറിയ ടീം ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചത്. സൂര്യ 40 പന്തില്‍ 68 റണ്‍സെടുത്തു. ഒരവസരത്തില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീണിടത്തുനിന്നാണ് സൂര്യയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യന്‍ തിരിച്ചുവരവ്.
ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 29 റണ്‍സിന് നാല് പേരെയും വെയ്‌ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് പേരെയും പുറത്താക്കി. ആന്‍റിച്ച് നോര്‍ക്യയ്ക്കാണ് മറ്റൊരു വിക്കറ്റ്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് എന്‍ഗിഡി പുറത്താക്കിയത്.
രോഹിത് ശര്‍മ്മ 14 പന്തില്‍ 15നും കെ എല്‍ രാഹുല്‍ 14 പന്തില്‍ 9നും വിരാട് കോലി 11 പന്തില്‍ 12നും ദീപക് ഹൂഡ 3 പന്തില്‍ പൂജ്യത്തിനും ഹാര്‍ദിക് പാണ്ഡ്യ 3 പന്തില്‍ 2നും പുറത്തായതോടെയാണ് ഇന്ത്യ 49-5 എന്ന നിലയിലേക്ക് കാലിടറി വീണത്.
എന്നാല്‍ അര്‍ധസെഞ്ചുറിയുമായി സ്വതസിദ്ധമായ ശൈലിയില്‍ 6 ഫോറും 3 സിക‌്സും പറത്തിയ സൂര്യകുമാര്‍ യാദവിന്‍റെ രക്ഷാപ്രവര്‍ത്തനം 19-ാം ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു. ദിനേശ് കാര്‍ത്തിക്(15 പന്തില്‍ 6), രവിചന്ദ്രന്‍ അശ്വിന്‍(11 പന്തില്‍ 7), മുഹമ്മദ് ഷമി(2 പന്തില്‍ 0), ഭുവനേശ്വര്‍ കുമാര്‍(6 പന്തില്‍ 4*), അര്‍ഷ്‌ദീപ് സിംഗ്(1 പന്തില്‍ 2*) എന്നിങ്ങനെയാണ് മറ്റുള്ള ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.
മറുപടി ബാറ്റിംഗില്‍ പ്രോട്ടീസ് മുന്‍നിരയെ തകര്‍ത്താണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് തുടങ്ങിയത്. ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്കിനെയും(3 പന്തില്‍ 1), റൈലി റൂസ്സേയേയും(2 പന്തില്‍ 0) അര്‍ഷ് മടക്കി. ആറാം ഓവറിലെ നാലാം പന്തില്‍ നായകന്‍ തെംബാ ബാവുമയെ മുഹമ്മദ് ഷമിയും പറഞ്ഞയച്ചു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 24-3 എന്ന സ്കോറിലായിരുന്നു ദക്ഷിണാഫ്രിക്ക.
പിന്നാലെ ക്യാച്ച്, റണ്ണൗട്ട് അവസരങ്ങള്‍ കളഞ്ഞുകുളിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഏയ്‌ഡന്‍ മാര്‍ക്രം 39 പന്തില്‍ 50 തികച്ചതോടെ പ്രോട്ടീസ് ട്രാക്കിലായി. മറുവശത്ത് ഡേവിഡ് മില്ലറും താളംകണ്ടെത്തി. 41 പന്തില്‍ 52 റണ്‍സെടുത്ത മാര്‍ക്രമിനെ ഹാര്‍ദിക് പാണ്ഡ്യ 15.4 ഓവറില്‍ പുറത്താക്കി.
എങ്കിലും 18-ാം ഓവറില്‍ അശ്വിനെ രണ്ട് സിക്‌സിന് പറത്തിയ മില്ലര്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. പിന്നാലെ രണ്ട് പന്ത് ബാക്കിനില്‍ക്കേ കളി പ്രോട്ടീസിന്‍റെ വരുതിയിലാക്കുകയായിരുന്നു മില്ലര്‍.