ആലപ്പുഴ: സൗമ്യയെ അജാസ് കൊന്നത് പരസഹായമില്ലാതെയെന്ന വാദം തള്ളി പൊലീസ്. സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ കാര്‍ ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്ന സംശയത്തിന്റെ പിന്നാലെയാണ് പോലീസ്. ഇയാള്‍ സൗമ്യയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തിയപ്പോള്‍ അജാസ് കാറില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം.
കൃത്യംനടന്ന സ്ഥലത്തേക്ക് അജാസ് എത്തിയ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മതിലിനോടു ചേര്‍ത്താണു നിര്‍ത്തിയിരുന്നത്. ഡ്രൈവിങ് സീറ്റില്‍നിന്ന് എതിര്‍വശത്തെ വാതില്‍വഴിയാണ് പ്രതി പുറത്തിറങ്ങിയതെങ്കില്‍ സൗമ്യയ്ക്ക് ഓടിരക്ഷപ്പെടാന്‍ ഏറെസമയം ലഭിക്കുമായിരുന്നു. ഇതോടെയാണ് വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നുവെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. സൗമ്യ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടാന്‍ അജാസ് ഉപയോഗിച്ച കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നെന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ നേരത്തെ പറഞ്ഞിരുന്നു.
സൗമ്യയെ വെട്ടിയും തീവെച്ചും കൊല്ലുന്നത് കണ്ടുനിന്ന ഇയാള്‍ സംഭവശേഷം സ്ഥലം വിട്ടു. കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങളും ശേഖരിക്കും. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തു നിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.വള്ളികുന്നത്ത് ഏതാനും മണിക്കൂര്‍ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം.